കോട്ടയം:
സഭയെ മാത്രമല്ല, കേരളത്തെ തന്നെ പിടിച്ചുകുലുക്കിയ പീഡനവിവാദത്തിലാണ് ജലന്തര്‍ രൂപത ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ടുകൊണ്ടുള്ള കോടതി വിധി വന്നിരിക്കുന്നത്.കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിൽ കുറവിലങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്.
ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീക്കും ബന്ധുക്കൾക്കുമെതിരെ 2018ൽ പരാതി നൽകിയതോടെയാണു സംഭവങ്ങളുടെ തുടക്കം. കന്യാസ്ത്രീയും ബന്ധുക്കളും പീഡനം സംബന്ധിച്ചു പരാതി നൽകുമെന്നുപറഞ്ഞു തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നു കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഫ്രാങ്കോ മുളയ്ക്കലിന്റെ പ്രതിനിധികളായ രണ്ടു വൈദികർ പരാതി നൽകി. തുടർന്ന് ഇവർ ജില്ലാ പൊലീസ് മേധാവിയായിരുന്ന ഹരിശങ്കറെ നേരിൽകണ്ടും പരാതി നൽകി. കന്യാസ്ത്രീയെ മദർ സുപ്പീരിയർ സ്ഥാനത്തുനിന്നു മാറ്റിയതിലുള്ള വിരോധം മൂലമാണു കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ബിഷപ്പിന്റെ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തതോടെയാണ് കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്കു പീഡനം സംബന്ധിച്ച പരാതി നൽകിയത്.
2014 മുതൽ 2016 വരെ പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിട്ടുള്ളത്. സഭാ നേതൃത്വത്തിനു പരാതി നൽകിയെങ്കിലും മാനസിക പീഡനമായിരുന്നു ഫലം. സഹിക്കാൻ കഴിയാതെ വന്നപ്പോഴാണു പൊലീസിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ പറഞ്ഞു. 2014 ഏപ്രിൽ ഇരുപത്തിനാലിനായിരുന്നു ആദ്യ പീഡനം. തൃശൂരിൽ സഭയുടെ ചടങ്ങിൽ പങ്കെടുത്തശേഷം കുറവിലങ്ങാട്ടെ മഠം അതിഥി മന്ദിരത്തിൽ എത്തിയ ബിഷപ് തന്നെ 20–ാം നമ്പർ മുറിയിലേക്കു വിളിച്ചു വരുത്തി പീഡനത്തിന് ഇരയാക്കി. വൃദ്ധസദനവും വനിതാ ഹോസ്റ്റലും പ്രവർത്തിക്കുന്ന മഠത്തിലെ ഗസ്റ്റ് ഹൗസിൽ ബിഷപ്പുമാർ താമസിക്കാൻ പാടില്ലെന്നാണ് ചട്ടമെന്നും കന്യാസ്ത്രീയുടെ മൊഴിയിൽ പറയുന്നു. എന്നാൽ സഭയുടെ സ്ഥാപനങ്ങളിൽ എത്തുമ്പോൾ ബിഷപ് പലപ്പോഴും തങ്ങിയതു കുറവിലങ്ങാട്ടെ മഠത്തിലായിരുന്നു. പിന്നീട് ജലന്തറിൽ എത്തിയ ബിഷപ് അവിടെ നിന്നു ഫോണിൽ വിളിച്ചു മോശമായി സംസാരിച്ചു.തുടർന്നാണു സഭയിൽ പരാതി നൽകിയതെന്നും കന്യാസ്ത്രീ പറഞ്ഞു.
എന്നാൽ കേസിൽ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ കന്യാസ്ത്രീകൾ കൊച്ചിയിൽ സമരം ആരംഭിച്ചതോടെയാണ് സംഭവം കൂടുതൽ വാർത്താപ്രാധാന്യം നേടുന്നത്. 2018 സെപ്റ്റംബറിൽ സേവ് അവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി ജംക്‌ഷനിലായിരുന്നു സമരം.14 ദിവസമായി നടത്തിവന്ന സമരം ബിഷപ്പിനെ അറസ്റ്റ് ചെയ്തതോടെയാണ് അവസാനിപ്പിച്ചത്.
ബലാത്സംഗം ഉൾപ്പെടെ ആറ് വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.ഒരു വർഷം മുൻപാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. 83 സാക്ഷികളിൽ 39 പേരെ വിചാരണയ്ക്കിടെ വിസ്തരിച്ചു. കേസുമായി ബന്ധപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലിൻ്റെ മൊബൈൽ ഫോണും ലാപ് ടോപ്പും അടക്കം കോടതിയിൽ നിർണായക തെളിവുകളായ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.
എന്നാൽ ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് പ്രസ്താവിച്ച കോടതി കുറ്റവിമുക്തനാക്കി ബിഷപ്പിനെ വെറുതെ വിടുകയായിരുന്നു.