കള്ളവോട്ട് മാത്രമല്ല കള്ളനോട്ടും ഒഴുകും; കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മോഡ്യൂള്‍; എഐ കള്ളനോട്ടുകള്‍ വ്യാപകമാകാന്‍ സാധ്യത; അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കുന്നു; ബിരുദ വിദ്യാര്‍ഥികളുടെ അറസ്റ്റില്‍ ചുരുളഴിയുന്നത് വന്‍ ശൃംഖല

കോഴിക്കോട്: തെരഞ്ഞെടുപ്പ് ചൂടിലേക്ക് നാടും നഗരവും കടന്നതോടെ കള്ളവോട്ടിനൊപ്പം കള്ളനോട്ടും ഒഴുകിയെത്തും. കഴിഞ്ഞദിവസം കോഴിക്കോട് പിടിയിലായ ബിരുദ വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന കള്ളനോട്ട് സംഘം നല്‍കുന്ന സൂചന അതാണ്. എല്ലാ തെരഞ്ഞെടുപ്പ് കാലത്തെയും എന്നപോലെ ഇക്കുറിയും വ്യാപകമായി കള്ളനോട്ട് ഇലക്ഷന്‍ വിപണിയിലെത്താന്‍ സാധ്യത കൂടുതലാണ്.
ഭീകര സംഘടനകളില്‍ എന്നപോലെ കള്ളനോട്ട് നിര്‍മ്മാണത്തിലും വൈറ്റ് കോളര്‍ മൊഡ്യൂള്‍ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ള പ്രൊഫഷനുലുകള്‍ വരെ കള്ളനോട്ട് നിര്‍മ്മാണ രംഗത്ത് സജീവമാകുന്നു എന്ന ആശങ്കപ്പെടുത്തുന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.
കോഴിക്കോട് പിടിയില്‍ വിദ്യാര്‍ത്ഥികളെ പോലെ പല പ്രൊഫഷണല്‍ വിദ്യാര്‍ഥികളും കള്ളനോട്ട് നിര്‍മ്മാണ മേഖലയില്‍ ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നാണ് സൂചന. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ ) അനന്തമായ സാധ്യതകള്‍ പുതുതലമുറയിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ കള്ളനോട്ട് നിര്‍മ്മാണം പോലുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നതായും പറയപ്പെടുന്നു.
ഒരു പിഴവു പോലും പറ്റാതെ ഒറിജിനല്‍ നോട്ട് ആണെന്ന് തോന്നിക്കുന്ന തരത്തില്‍ കള്ളനോട്ടുകള്‍ നിര്‍മ്മിക്കാന്‍ എ ഐ ടൂളുകളെ ഉപയോഗപ്പെടുത്തുന്ന പുതിയ തലമുറയിലെ ഡിസൈനര്‍മാര്‍ക്ക് കള്ളനോട്ട് നിര്‍മ്മാണ മേഖലയില്‍ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നാണ് കള്ളനോട്ടുകള്‍ വ്യാപകമായി വന്നിരുന്നതെങ്കില്‍ ഇക്കുറി കേരളത്തിനകത്തു നിന്ന് തന്നെ വന്‍തോതില്‍ കള്ളനോട്ട് ഒഴുകാന്‍ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം കരുതുന്നത്.
അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതു മുതല്‍ അതിര്‍ത്തികളില്‍ ശക്തമായ പരിശോധനയാണ് നടക്കുന്നത്. സംശയം തോന്നുന്ന വാഹനങ്ങള്‍ എല്ലാം അരിച്ചുപെറുക്കി പരിശോധിക്കുന്നുണ്ട്. പഴയകാല കള്ളനോട്ട് കേസുകളുടെ ഫോളോ അപ്പ് കൃത്യമായി നടത്തുന്നു. ഈ മേഖലയില്‍ മുന്‍പുണ്ടായിരുന്നവര്‍ വീണ്ടും സജീവമാകുന്നുണ്ടോ എന്നറിയാനാണ് ഇത്.
പ്രിന്റിങ് ടെക്‌നോളജിയിലെ എ ഐ പുരോഗതി കള്ളനോട്ടുകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ വന്‍തോതില്‍ കള്ളനോട്ട് നിര്‍മ്മിക്കാന്‍ അവസരം ഒരുക്കുന്നുണ്ട്. കോഴിക്കോട് നടന്ന പരിശോധനയില്‍ 500 രൂപയുടെ 57 നോട്ടുകളും നോട്ട് അടിച്ചുവച്ച 30 പേപ്പര്‍ ഷീറ്റുകളും പ്രിന്ററും പോലീസ് പിടികൂടിയിരുന്നു. കേസില്‍ പിടിയിലായവരില്‍ ബിരുദ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. മലബാര്‍ മേഖല കേന്ദ്രീകരിച്ച് വ്യാപകമായിരുന്ന കള്ളനോട്ട് നിര്‍മ്മാണം ഇപ്പോള്‍ മധ്യകേരളത്തിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.






