കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തന്‍. 2014 മുതല്‍ 2016 വരെ 13 തവണ കുറവിലങ്ങാട് മഠത്തില്‍ വച്ച് ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിലാണ് കോട്ടയം അഡീഷണന്‍ സെഷന് കോടതി വിധി പറഞ്ഞത്. 105 ദിവസത്തെ വിചാരണയ്ക്ക് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് കേസില്‍ വിധി പറഞ്ഞത്.
രാവിലെ 9.30 ഓടെ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയത്ത് കോടതിയിലെത്തിയിരുന്നു. കനത്ത സുരക്ഷയായിരുന്നു കോടതിയില്‍ വിധി പറയുന്നതിന് മുന്നോടിയായി നടപ്പാക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പരിശോധിച്ച ശേഷമായിരുന്നു കോടതിയിലേക്ക് കടത്തി വിട്ടത്. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ കോടതിയിലെത്തി പരിശോധനകള്‍ നടത്തിയിരുന്നു. സമാനതകളില്ലാത്ത നിയമ പോരാട്ടവും സംഭവ വികാസങ്ങളുമായുരുന്നു കന്യാസ്ത്രീ പീഡന കേസില്‍ കേരളം കണ്ടത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് വേണ്ടി സഭ നേരിട്ട് പ്രതിരോധത്തിനിറങ്ങിയപ്പോള്‍ നീതി തേടി കന്യാസ്ത്രീകൾ തെരുവില്‍ ഇറങ്ങുന്നതുവരെ വിഷയം നീണ്ടു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പൊതു സമൂഹവും തെരുവിലിറങ്ങിയതോടെയാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉള്‍പ്പെടെ ഉണ്ടായത്.
2018 സെപ്തംബര്‍ 21-ാം തീയതിയായിരുന്നു ഫ്രാങ്കോയെ അറസ്റ്റ് ചെയ്തത്. 2018 സെപ്റ്റംബര്‍ 23ന് ബിഷപ്പ് ഫ്രാങ്കോയെ കുറുവിലങ്ങാട് മഠത്തില്‍ എത്തിച്ചു തെളിവെടുത്തു. 2018 സെപ്റ്റംബര്‍ 24ന് ഫ്രാങ്കോ മുളയ്ക്കലിനെ റിമാന്‍ഡ് ചെയ്തു. എന്നാല്‍ 25 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം 2018 ഒക്ടോബര്‍ 15ന് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കുയും ചെയ്തു. പിന്നീട് പൊലീസ് നടപടി വൈകിയപ്പോള്‍ വീണ്ടും പ്രതിഷേധങ്ങള്‍ അരങ്ങേറി. 2019 ഏപ്രില്‍ 6ന് കുറ്റപത്രം വൈകുന്നതിനെതിരെയുള്ള സേവ് അവര്‍ സിസ്റ്റേഴ്സിന്റെ പ്രതിഷേധത്തില്‍ കന്യാസ്ത്രീകളും പങ്കാളികളായി. പത്ത് മാസം നീണ്ട അന്വേഷണത്തിന് ഒടുവില്‍ ഏപ്രില്‍ 9ന് കുറ്റപത്രം സമർപ്പിച്ചു . എന്നാല്‍ 2020 ജനുവരി 25ന് വിചാരണ കൂടാതെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോയുടെ വിടുതല്‍ ഹര്‍ജിയുമായി രംഗത്തെത്തി.
ആദ്യം അഡീഷണല്‍ സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും സുപ്രീംകോടതിയും വിടുതല്‍ ഹര്‍ജി തള്ളി. 2020 സെപ്റ്റംബര്‍ 16ന് കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയില്‍ അടച്ചിട്ട മുറിയില്‍ വിചാരണ തുടങ്ങി. നവംബര്‍ അഞ്ചിന് ഫ്രാങ്കോയുടെ വിടുതല്‍ പുനഃപരിശോധന ഹര്‍ജിയും സുപ്രീംകോടതി തള്ളി. 2021 ഡിസംബര്‍ 29ന് വാദം കേസില്‍ വാദം പൂര്‍ത്തിയാവുകയും ചെയ്തു. കേസിലെ 84 സാക്ഷികളില്‍ 39 പേരെ വിസ്തരിച്ചു. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, രണ്ട് ബിഷപ്പുമാര്‍, 11 വൈദികര്‍, 25 കന്യാസ്ത്രീകള്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു സാക്ഷിപ്പട്ടിക. പ്രോസിക്യൂഷന് 122 രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം 6 സാക്ഷികളെ വിസ്തരിച്ചു.