KeralaNEWS

പല്ല് പുളിപ്പിന്റെ കാരണങ്ങൾ; ഒഴിവാക്കാം പുകവലി,കോള തുടങ്ങിയവ

ല്ലുപുളിക്കുന്നതിന്റെ കാരണങ്ങള്‍ പലതാണ്. താപം, മര്‍ദ്ദം, സ്പര്‍ശനം, രസം തുടങ്ങി പല്ലിനെ ബാധിക്കുന്ന ഉദ്ദീപനങ്ങളെല്ലാം പല്ലുപുളിപ്പുണ്ടാക്കാം. ഇത്തരം ഉദ്ദീപനങ്ങള്‍ പല്ലിന്റെ ഉള്‍ക്കാമ്പായ ദന്തവസ്തുവിനുള്ളിലെ (ഡെന്റിന്‍) സൂക്ഷ്മ ശൃംഖലയായ ദന്തവസ്തു വ്യൂഹം അഥവാ ഡെന്റിനല്‍ ട്യൂബൂള്‍സിനെ ബാധിക്കുന്നു. ഇത് ട്യൂബൂള്‍സിന്റെ വ്യാസം വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ ഉദ്ദീപനവസ്തുക്കള്‍ പല്ലിനുള്ളിലേക്ക് കടക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി വേദനയുണ്ടാക്കുന്ന നാഡീവ്യൂഹം ഒരു പ്രത്യേകതരം വേദന പുറപ്പെടുവിക്കുന്നു. ഇത് പുളിപ്പായി അനുഭവപ്പെടുന്നു.

പല്ലിന്റെ ഉള്‍ഭാഗത്തെ ദന്തമജ്ജ അഥവാ പള്‍പ്പ് വരെ ദന്തക്ഷയം വ്യാപിക്കുമ്പോഴാണ് ദന്തമജ്ജ വീക്കം (പള്‍പ്പിറ്റിസ്) ഉണ്ടാകുന്നത്. ദന്തക്ഷയം തുടക്കത്തില്‍ ഇനാമല്‍, പീന്നീട് ദന്തവസ്തു, തുടര്‍ന്ന് ദന്തമജ്ജ വരെ എത്തുന്നു. പല്ലിന്റെ ക്രൗണ്‍ ഭാഗത്താണ് പ്രധാനമായും ഇത് സംഭവിക്കുന്നത്. വേരിന്റെ ഭാഗത്താവട്ടെ, ദന്തവസ്തു നശിക്കുമ്പോള്‍ അടിയിലുള്ള സിമന്റ് എന്ന വസ്തു പുറത്തേക്ക് എത്തുന്നു. ഇവയില്‍ കാറ്റേല്‍ക്കുമ്പോഴോ  തണുത്തതും ചൂടുള്ളതുമായ ഭക്ഷണം തട്ടുകയോ ചെയ്യുമ്പോള്‍ അസഹനീയമായ പുളിപ്പ് അനുഭവപ്പെടുന്നു. ദന്തക്ഷയത്തിന് തുടക്കത്തില്‍ത്തന്നെ ദന്തരോഗ വിദഗ്ദ്ധനെ കണ്ട് ശരിയായ ചികിത്സ തേടിയാല്‍ ദന്തമജ്ജ വീക്കത്തില്‍ എത്താതെ നോക്കാം.
മോണരോഗവും പുളിപ്പുണ്ടാക്കാറുണ്ട്. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് മോണയുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനം. ഇതിനു പല കാരണങ്ങളുമുണ്ട്. അവയില്‍ ഏറ്റവും പ്രധാനം ബ്രഷ് ചെയ്യുന്ന രീതിയാണ്. കടുപ്പമുള്ള ബ്രഷ് കൊണ്ട് ദീര്‍ഘനേരം ബ്രഷ് ചെയ്താല്‍ പല്ല് തേയുന്നതിനും അതിലൂടെ പുളിപ്പിനും കാരണമാവുന്നു. അതിനാല്‍, മൃദുവായ ബ്രഷ് ഉപയോഗിച്ച് ശരിയായ രീതില്‍ മൂന്നു മിനിട്ട് വീതം രാവിലെയും രാത്രിയും ബ്രഷ് ചെയ്യുന്നതാണ് ഉചിതം.
ചില ദു:ശീലങ്ങളും പ്രശ്‌നമാണ്. മുറുക്ക്, പുകവലി, ഉറക്കത്തില്‍ പല്ലിറുമ്മുന്നശീലം തുടങ്ങിയവയും പല്ലില്‍ തേയ്മാനം ഉണ്ടാക്കും. ഇത് ഭാവിയില്‍ പുളിപ്പിന് കാരണമായേക്കാം. അച്ചാര്‍, നാരങ്ങവെള്ളം, സോഡ, കോള, മറ്റു കാര്‍ബണേറ്റഡ് പാനീയങ്ങള്‍ എന്നിവയുടെ ഉപയോഗവും പല്ല് ദ്രവിക്കാനും, അതുവഴി പല്ല് പുളിപ്പിലേക്കും നയിക്കും.
 അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിച്ചാല്‍ അര  മണിക്കൂര്‍ നേരം പല്ല് തേയ്ക്കുകയോ വായ കഴുകുകയോ ചെയ്യരുത്. കാരണം അമ്ലാംശമുള്ള പാനീയങ്ങള്‍ കുടിക്കുമ്പോള്‍ പല്ല് ചെറുതായി ദ്രവിക്കും. പ്രതിപ്രവര്‍ത്തനത്തിലൂടെ ഇതിനെ ശരീരം സ്വയം ശരിയാക്കാന്‍ ശ്രമിക്കും. ഈ സമയം പല്ല് തേയ്ക്കുകയോ, വായ കഴുകുകയോ ചെയ്താല്‍ അത് ഈ പ്രക്രിയയെ പ്രതികൂലമായി ബാധിക്കും.

* ദിവസവും രണ്ടു നേരം, മൂന്നു മിനിട്ട് വീതം പല്ലുതേയ്ക്കണം.

 

Signature-ad

* മൃദുവായ ബ്രഷ് ഉപയോഗിക്കണം.

 

* തേയ്മാന സാധ്യത കുറഞ്ഞ ജെല്‍ അല്ലാത്ത, വെള്ള നിറത്തിലോ പിങ്ക് നിറത്തിലോ ഉള്ള  ക്രീം പേസ്റ്റുകള്‍  തെരഞ്ഞെടുക്കണം. ചുവപ്പ്, നീല, പച്ച നിറങ്ങളിലെ വെട്ടിത്തിളങ്ങുന്ന പേസ്റ്റുകള്‍ ഒഴിവാക്കുക.

 

* അമര്‍ത്തി ബ്രഷ് ചെയ്യരുത്.

 

*പുകവലി, പല്ലിന്റെ ഇടയില്‍ പല്ലുകുത്തിയോ, മറ്റു വസ്തുക്കളോ തിരുകി കയറ്റല്‍, പല്ലു കൊണ്ട്  പൗഡര്‍ ടിന്‍, ബോട്ടിലുകളുടെ അടപ്പുകള്‍, സേഫ്റ്റി പിന്‍ തുടങ്ങിയവ കടിച്ചുതുറക്കുക തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുക.

 

*അമ്ലാംശമുള്ള പാനീയങ്ങള്‍, മധുരപലഹാരങ്ങള്‍, അച്ചാറുകള്‍ തുടങ്ങിയവയുടെ ഉപയോഗം മിതപ്പെടുത്തുക.

 

Back to top button
error: