മഹിളാമന്ദിരത്തിലെ കതിർമണ്ഡപത്തിൽ പ്രസീതയ്ക്ക് മനംപോലെ മംഗല്യം
പ്രസീതയുടെ കുട്ടിക്കാലം കോഴിക്കോട് ചിൽഡ്രൻസ് ഹോമിലായിരുന്നു. അമ്മ മാനസികാരോഗ്യകേന്ദ്രത്തിലായതോടെയാണ് പ്രസീതയ്ക്ക് സർക്കാർ തണലിൽ ജീവിതം പുലർത്തേണ്ടിവന്നത്. വലുതായപ്പോൾ ആഫ്റ്റർ കെയർ ഹോമിലേക്കു മാറി. കഴിഞ്ഞ മാസമാണ് തവനൂർ മഹിളാമന്ദിരത്തിലെത്തിയത്. ഇപ്പോൾ പുറത്തൂർ മാട്ടുമ്മൽവീട്ടിൽ മഹേഷിൻ്റെ കൈ പിടിച്ച് പ്രസീത ഒരു പുതു ജീവിതത്തിലേയ്ക്കു പ്രവേശിക്കുന്നു
തവനൂർ: മഹിളാമന്ദിരത്തിന്റെ തിരുമുറ്റത്തെ കതിർമണ്ഡപത്തിൽ പ്രസീതയ്ക്ക് മനംപോലെ മംഗല്യം.
തനിച്ചു ജീവിച്ച നാളുകളെ ഓർമകളിലേക്കൊതുക്കി പ്രസീത പുതുജീവിതത്തിലേക്കു പ്രവേശിച്ചു. മന്ത്രിയും എം.എൽ.എയും ചേർന്ന് അവളെ വരന്റെ കൈകളിലേൽപ്പിച്ചപ്പോൾ ആ മംഗളകർമത്തിന് നാടുമുഴുവൻ സാക്ഷിയായി.
വനിതാ ശിശുവികസനവകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന മഹിളാമന്ദിരത്തിലെ അന്തേവാസി പ്രസീതയ്ക്കാണ് അധികൃതരുടെയും നാട്ടുകാരുടെയും ശ്രമഫലമായി മഹിളാമന്ദിരത്തിൽ തന്നെ കതിർമണ്ഡപമൊരുങ്ങിയത്. പുറത്തൂർ മാട്ടുമ്മൽവീട്ടിൽ മഹേഷാണ് പ്രസീതയെ വിവാഹം കഴിച്ച് ജീവിതയാത്രയിൽ ഒപ്പംകൂട്ടിയത്.
മന്ത്രി വി. അബ്ദുറഹ്മാനും കെ.ടി ജലീൽ എം.എൽ.എയും ചേർന്നാണ് പ്രസീതയെ മഹേഷിന്റെ കൈകളിലേൽപ്പിച്ചത്
കാക്കഞ്ചേരിയിൽ ജനിച്ചുവളർന്ന പ്രസീതയുടെ കുട്ടിക്കാലം കോഴിക്കോട് ചിൽഡ്രൻസ് ഹോമിലായിരുന്നു. അമ്മ മാനസികാരോഗ്യകേന്ദ്രത്തിലായതോടെയാണ് പ്രസീതയ്ക്ക് സർക്കാർ തണലിലേക്കു മാറേണ്ടിവന്നത്. വലുതായപ്പോൾ ആഫ്റ്റർ കെയർ ഹോമിലേക്കു മാറി. തവനൂരിലെ മഹിളാമന്ദിരത്തിലെത്തിയത് കഴിഞ്ഞമാസമാണ്.
മഹിളാമന്ദിരത്തിൽനിന്ന് സുമംഗലികളാകുന്നവരിൽ പത്താമത്തെയാളാണ് പ്രസീത. ഉദാരമതികളുടെ സഹായത്തോടെ പത്തുപവനോളം ആഭരണങ്ങൾ അണിഞ്ഞാണ് വധു കതിർമണ്ഡപത്തിലെത്തിയത്. വിവാഹസഹായമായി സർക്കാർ നൽകുന്ന ഒരുലക്ഷം രൂപ പ്രസീതയുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. മന്ത്രി വി. അബ്ദുറഹ്മാന്റെ വകയായിരുന്നു വിവാഹസദ്യ.