പ്രായഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് ദന്തക്ഷയം. പല്ലുകളുടെ ശുചിത്വത്തിലും പരിചരണത്തിലും നമ്മൾ കാട്ടുന്ന അശ്രദ്ധയും മാറുന്ന ജീവിതശൈലിയുമാണ് ദന്തക്ഷയത്തിന്റെ പ്രധാനകാരണം.പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ പലതരം ബാക്ടീരിയകളുമായി പ്രതിപ്രവർത്തിക്കുമ്പോള്‍ വായ്ക്കുള്ളിലെ അമ്ലത (അസിഡിക് ലെവൽ) വർധിക്കുന്നു.ഇവയാണ് ദന്തക്ഷയം ഉണ്ടാക്കുന്നത്.
പല്ലിൽ ചെറിയൊരു പുളിപ്പ് തോന്നുന്നതാണ് ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണം. പല്ലിൽ നേർത്ത കറുപ്പുനിറം കാണുമ്പോഴും പലരും ഇതിനെ ഗൗരവമായി കാണില്ല.പിന്നീട് പല്ലുകളിൽ ചെറിയ സുഷിരങ്ങള്‍ രൂപപ്പെടും.ഈ സുഷിരങ്ങളിൽ ഭക്ഷണാവശിഷ്ടങ്ങൾ കുടുങ്ങുകയും ഭക്ഷണം ചവച്ചരയ്ക്കുമ്പോഴും ചൂടുവെള്ളമോ തണുത്ത വെള്ളമോ കുടിക്കുമ്പോഴും ചെറിയ വേദന അനുഭവപ്പെടുകയും ചെയ്യും. വേദന കലശലാകുമ്പോഴാണ് പലരും ചികിൽസ തേടുന്നത്.
ദന്തക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളായി കാണപ്പെടുന്നത് പല്ലിലെ പുളിപ്പാണ്.പല്ലുകൾ സെൻസിറ്റീവ് ആകുന്നതാണ് ഇതിനു കാരണം.ചില ആളുകൾക്ക് തണുപ്പുള്ള ഭക്ഷണം കഴിക്കുമ്പോൾ പല്ലുകൾ സെൻസിറ്റീവാകും, ചിലർക്ക് ചൂടുള്ള ഭക്ഷണം കഴിക്കുമ്പോഴും. പക്ഷേ, പലരും ഇത് കാര്യമാക്കാതിരിക്കുകയും ചികിൽസ തേടുന്നത് നീട്ടിവയ്ക്കുകയും ചെയ്യും.
പല്ലുവേദനയാണ് ദന്തക്ഷയത്തിന്റെ മറ്റൊരു ലക്ഷണം. രാത്രികാലങ്ങളിലാണ് വേദന കൂടുതൽ തീവ്രമാകുന്നത്. രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ മുഖത്ത് കൂടുതൽ സമ്മർദം അനുഭവപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
തുടക്കത്തിലെ ലക്ഷണങ്ങൾ ഗൗരവമായി കണ്ട് പ്രതിവിധി തേടാന്‍ ശ്രമിക്കണം. അല്ലാത്തപക്ഷം മോണയിൽ നീരും പഴുപ്പും ഉണ്ടാകും. അസഹ്യമായ വായ്നാറ്റവും ഇതുമൂലമുണ്ടാകാം.യഥാസമയം ചികിൽസ തേടിയില്ലെങ്കിൽ ഗുരുതരമായ മറ്റ് പല അസുഖങ്ങളിലേക്കും കാരണമായി എന്നും വരാം.
പല്ല് വേദന വരുന്നതിന് പല കാരണങ്ങളുണ്ട്. കാരണം എന്തുതന്നെ ആയാലും പല്ല് വേദന വന്നാല്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് വേദനസംഹാരികള്‍ എടുത്തുകഴിക്കുകയാണ്. അതുമൂലം പല പാര്‍ശ്വഫലങ്ങളും പിന്നീട് ഉണ്ടാകുകയും ചെയ്യും.
പല്ല് വേദന മാറാൻ ഏറ്റവും ഉത്തമമാണ് ഗ്രാമ്പൂ. മിക്ക വീടുകളിലും ഗ്രാമ്പു ഉണ്ടാകുമല്ലോ.ഗ്രാമ്പു ചതച്ച് അരച്ച് വേദനയുള്ള പല്ലിൽ വയ്ക്കുക. അല്ലെങ്കിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും ഗ്രാമ്പു പൊടിച്ചതും ചേർത്ത് വേദനയുള്ള പല്ലിൽ പുരട്ടുന്നതും നല്ലതാണ്.ഗ്രാമ്പൂവിൽ വേദന സംഹാരിയായി പ്രവർത്തിക്കുന്ന ഒരു രാസ സംയുക്തം അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ പല്ല് വേദന വരുമ്പോൾ ഗ്രാമ്പു വെക്കുകയോ, ഗ്രാമ്പു ചതച്ച് വെക്കുകയോ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന് പരിഹാരം ലഭിക്കും.
കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയാണ് മറ്റൊന്ന്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ കാരണമാകുന്നത്.
പല്ല് വേദനയുള്ള സമയം ടൂത്ത് പേസ്റ്റിൽ അൽപം ബേക്കിംഗ് സോഡ കൂടി ചേർത്ത് പല്ല് തേയ്ക്കുന്നത് പല്ല് വേദന ശമിക്കാൻ നല്ലതാണ്.
ഒരു കപ്പ് ചൂടുവെള്ളത്തിലേക്ക് നാല് ടീ സ്പൂൺ എള്ള് ഇടുക. കുറച്ചു നേരം ഇത് തണുക്കാൻ വെക്കുക. ഇതെടുത്ത് കവിൾ കൊള്ളുകയോ അല്ലെങ്കിൽ വേദനയുള്ള ഭാഗത്ത് ഒരു കോട്ടൺ തുണി കൊണ്ട് പതിയെ തടവുകയോ ചെയ്യുക. ഇത്തരത്തിൽ ചെയ്യുന്നത് നിങ്ങളുടെ പല്ല് വേദനയെ ഇല്ലാതാക്കുകയും ആശ്വാസം നൽകുകയും ചെയ്യും.