കെട്ടിക്കിടക്കുന്ന ജനപ്രിയമല്ലാത്ത മദ്യങ്ങൾ 4 ദിവസത്തിനുള്ളിൽ വിറ്റു തീർക്കണം
വിൽപ്പന കുറവുള്ള ജനപ്രിയമല്ലാത്ത ബ്രാൻഡ് മദ്യങ്ങൾ ഉടൻ വിറ്റുതീർക്കാനാണ് ബീവ്റേജസ് ജീവനകാർക്ക് എം.ഡിയുടെ കർശന നിർദ്ദേശം. മദ്യം വാങ്ങാനെത്തുന്നവർക്ക് ചോദിക്കുന്ന ബ്രാൻഡ് മാത്രമേ നൽകാവൂ.മറ്റൊരു ബ്രാൻഡ് വാങ്ങാൻ നിർബന്ധിക്കുന്നത് കുറ്റകരമാണ്. പക്ഷേ എം.ഡിയുടെ നിർദ്ദേശം അവഗണിച്ചാൽ അത് കൂടുതൽ പൊല്ലാപ്പാകും
തൃശൂർ: ബീവ്റേജസ് വിൽപനശാലകളിൽ കെട്ടിക്കിടക്കുന്ന ജനപ്രിയമല്ലാത്ത ബ്രാൻഡ് മദ്യങ്ങളും 4 ദിവസത്തിനുള്ളിൽ വിറ്റുതീർക്കാൻ ജീവനക്കാരുടെ മേൽ സമ്മർദം. ബവ്റിജസിൽ വിൽപനയ്ക്കു വയ്ക്കുന്നതിനു തറവാടക അടയ്ക്കേണ്ട വരുന്ന ഇനങ്ങൾ (എസ്.ടി.എൻ ലോഡ്) 4 ദിവസത്തിനുള്ളിൽ വിറ്റഴിക്കാൻ എം.ഡിയുടെ നിർദേശപ്രകാരമുള്ള സന്ദേശം ഷോപ്പുകളുടെ ചുമതലയുള്ള ജീവനക്കാർക്കു ലഭിച്ചു.
ജനപ്രിയമല്ലാത്തതും പുതിയതുമായ ബ്രാൻഡുകളും മദ്യം വാങ്ങാനെത്തുന്നവർക്കു പരിചയപ്പെടുത്തി വിൽപന കൂട്ടേണ്ടി വരും.
കോർപറേഷന്റെ നിയമപ്രകാരം മദ്യം വാങ്ങാനെത്തുന്നയാൾ ചോദിക്കുന്ന ബ്രാൻഡ് മാത്രമേ വിൽപനശാലയിലെ ജീവനക്കാരൻ നൽകാവൂ.
മറ്റൊരു ബ്രാൻഡ് വാങ്ങാൻ നിർബന്ധിച്ചാൽ അതു കുറ്റകരമാണെന്നു ജീവനക്കാർക്കുള്ള ചട്ടങ്ങളിൽ പറയുന്നു. ഇതിൽ നിന്നു വിപരീതമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന നിർദേശം. ഒരു ബ്രാൻഡ് മദ്യം ബവ്റിജസ് വിൽപനശാലയിൽ വിൽപനയ്ക്കു വയ്ക്കുന്നതിന് കേസിന് 20 രൂപ നിരക്കിൽ പ്രതിമാസം വാടക നൽകണം. ഒരു മാസത്തിനുള്ളിൽ 3 തവണ വീണ്ടും ഇതേ ബ്രാൻഡ് വിൽപനശാലകൾ വാങ്ങിയാൽ മാത്രമാണു വാടക ഒഴിവായി പ്രധാന പട്ടികയിൽ ഉൾപ്പെടുത്തുക. പതിനഞ്ചോളം ജനപ്രിയ ബ്രാൻഡുകളാണ് കേരളത്തിലെ വിൽപനശാലകളിൽ ഇങ്ങനെ പലതവണ വാങ്ങേണ്ടി വരുന്നത്.
വിൽപന ഇല്ലാത്ത ബ്രാൻഡുകളെല്ലാം വാടക അടച്ചുകൊണ്ടിരിക്കണം ഇതു കമ്പനികൾക്കു നഷ്ടമുണ്ടാക്കും. 15 ബ്രാൻഡുകളുടെ കുത്തക നിലനിൽക്കുന്നതിനാൽ പുതിയ ബ്രാൻഡുകൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. പരിഹാരമെന്ന നിലയിലാണ് ജനപ്രിയമല്ലാത്ത ബ്രാൻഡുകളുടെ വിൽപനയും പ്രോത്സാഹിപ്പിക്കാൻ നിർദേശം. ഇതു നടപ്പാക്കണമെങ്കിൽ സ്റ്റോക്ക് ഉള്ള മദ്യം ഇല്ലെന്നു പറയുകയോ പുതിയത് എടുക്കാൻ പ്രോത്സാഹിപ്പിക്കുകയോ ചെയ്യേണ്ടിവരും.
അത് കുറ്റകരമാണു താനും. ചെകുത്താനും കടലിനും നടുവിൽ അകപ്പെട്ട സ്ഥിതിയാണെന്നു ജീവനക്കാർ പറയുന്നു. തൽക്കാലം ഇത്തരം ബ്രാൻഡുകൾ കൂടുതൽ പ്രദർശിപ്പിക്കാനാണു ജീവനക്കാരുടെ തീരുമാനം. അടുത്ത കാലത്തായി ഒട്ടേറെ പുതിയ മദ്യക്കമ്പനികളും ബീവ്റേജസ് വഴി വിൽപനയ്ക്ക് എത്തിയിട്ടുണ്ട്.