വീണ്ടുമൊരു ലീഗ് മുഖ്യമന്ത്രി സാധ്യത തള്ളിക്കളയാൻ ആകില്ല,കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുമ്പോൾ ഹരി എസ് കർത്തായുടെ കുറിപ്പ്
കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്ക് ഉള്ള തിരിച്ചു വരവിനെ മുഖ്യമന്ത്രി പദവുമായി ബന്ധിപ്പിച്ച് മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി സംസ്ഥാന സമിതി പ്രത്യേക ക്ഷണിതാവുമായ ഹരി എസ് കർത്തായുടെ കൗതുകമുള്ള കുറിപ്പ്. ഫേസ്ബുക്കിലാണ് കുറിപ്പ്.
ഹരി എസ് കർത്തായുടെ ഫേസ്ബുക് പോസ്റ്റ്
പി. കെ. കുഞ്ഞാലി കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നു എന്നത് അടുത്ത കാലത്ത് കേട്ടതിൽ വളരെ പ്രാധാന്യമുള്ള രാഷ്ട്രീയ വാർത്ത. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളിലും നിർണായകമായ നായകത്വമാവും ഈ മുസ്ലിം ലീഗ് നേതാവിന് എന്നത് നിസംശയം. ഒരു പക്ഷെ അടുത്ത കേരള മുഖ്യമന്ത്രി അദ്ദേഹം ആയിക്കൂടെന്നില്ല. മുസ്ലിം ലീഗ് വരുന്ന നിയമസഭയിൽ
അംഗബലവും വിലപേശാനുള്ള കരുത്തും കാര്യമായി വർധിപ്പിക്കും എന്നത് സ്വാഭാവികം. മുഹമ്മദ് കോയക്ക് ശേഷം കേരളത്തിൽ വീണ്ടും ഒരു മുസ്ലിം ലീഗ് മുഖ്യമന്ത്രി അധികാരമേൽക്കുന്നതിനുള്ള സാധ്യത ഒട്ടും തള്ളിക്കളയാനാവില്ല.
യൂ ഡി എഫിൽ, കുഞ്ഞാപ്പ കോൺഗ്രസിനും ഘടകകക്ഷികൾക്കും സ്വീകാര്യൻ, സമാദരണിയൻ. എൽ ഡി എഫിൽ, പിണറായിക്ക് അദ്ദേഹവുമായി പ്രത്യേക ബന്ധം. മറ്റു ചില സഖാക്കൾക്കും. തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സമവാക്യങ്ങൾ എങ്ങനെ മാറി മറിഞ്ഞു വന്നാലും, എങ്ങനെ വീണാലും നാല് കാലിൽ ഉറച്ചു നിൽക്കുന്ന പൂച്ചയെപ്പോലെ മുസ്ലിം ലീഗ് അവരുടെ നില ഭദ്രമാക്കും. അതായത് തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ നിർണായക ശക്തി മുസ്ലിം ലീഗ് ആവും. ഇപ്പോൾ മുസ്ലിം പ്രീണനത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഎം, കോൺഗ്രസ് കക്ഷികൾ വ്യത്യസ്തമായ അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രിയാവാൻ കുഞ്ഞാലി കുട്ടിയെ പരോഷമായോ പ്രത്യക്ഷമായോ തന്നെ സഹായിച്ചു കൂടെന്നില്ല. കുഞ്ഞാപ്പയെ നിർണായക ഘട്ടങ്ങളിൽ സഹായിക്കുന്നവർ ഇവിടെ ഏത് പാർട്ടിയിലും ഉണ്ടെന്നത് പരസ്യമായ ഒരു രഹസ്യമാണല്ലോ. അതു കൊണ്ട് ഹിന്ദുത്വവാദികൾ ജാഗ്രതൈ. അപ്പുറത്തും ഇപ്പുറത്തും ഒപ്പം ഉള്ളവരെയും ഒരു പോലെ സൂക്ഷിക്കുക!
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയം പിണറായിയുടെ തുടർ ഭരണം അനുവദിക്കണമോ എന്നത് മാത്രമല്ല കുഞ്ഞാലി കുട്ടിയെ മുഖ്യ മന്ത്രി യാക്കണമോ എന്ന് കൂടിയാണ്. മുഹമ്മദ് കോയ അല്ല കുഞ്ഞാലി കുട്ടി. അന്നത്തെ ലീഗല്ല ഇന്നത്തെ ലീഗ്. ഓർക്കേണ്ടവർ ഓർത്താലും.
അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം.
ഹരി എസ് കർത്താ.