80ഓളം കവര്‍ച്ചക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് അറസ്റ്റില്‍, 12 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു
സ്വന്തം വീട്ടില്‍ നിന്ന് 16-ാം വയസ്സില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് കാര്‍ത്തിക് കവര്‍ച്ചക്ക് തുടക്കമിട്ടത്. ഇത് പതിനേഴാം തവണയാണ് കാര്‍ത്തിക് അറസ്റ്റിലാകുന്നത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാര്‍ത്തിക്കിനെതിരെ കവര്‍ച്ചാക്കേസുകള്‍ നിലവിലുണ്ട്. മുമ്പ് പലതവണ കാര്‍ത്തിക് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്
ബംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി എണ്‍പതോളം കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന കാര്‍ത്തിക് കുമാര്‍ ബംഗളൂരുവില്‍ പൊലീസ് പിടിയിലായി.
കവര്‍ച്ചാക്കേസില്‍ ഇത് പതിനേഴാം തവണയാണ് കാര്‍ത്തിക് അറസ്റ്റിലാകുന്നത്. ഇതോടെ അഞ്ചിടങ്ങളില്‍ കവര്‍ച്ച നടത്താനുള്ള കാര്‍ത്തികിന്റെ പദ്ധതിയാണ് പൊലീസ് തകര്‍ത്തത്. ഇയാളില്‍ നിന്ന് 12 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. മുമ്പ് പല തവണ കാര്‍ത്തിക് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്നാണ് എസ്‌കേപ്പ് കാര്‍ത്തിക് എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ കാര്‍ത്തിക്കിനെതിരെ കവര്‍ച്ചാക്കേസുകള്‍ നിലവിലുണ്ട്. വീട്ടില്‍ നിന്ന് 16-ാം വയസ്സില്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചാണ് കവര്‍ച്ചക്ക് തുടക്കമിട്ടത്. ജാമ്യത്തിലിറങ്ങി വീണ്ടും ആഭരണങ്ങള്‍ മോഷ്ടിക്കുന്നത് പതിവായിരുന്നു. 2008ല്‍ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് കാര്‍ത്തിക് ഭക്ഷണ വിതരണം ചെയ്യുന്ന വാനില്‍ കയറി രക്ഷപ്പെട്ടു. 45 ദിവസത്തിന് ശേഷം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 2010-ല്‍ ഒരു കവര്‍ച്ചാക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പിന് കൊണ്ടുപോയപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇന്നലെ കാര്‍ത്തിക് പിടിയിലായത്.
ഓട്ടത്തിലും ചാട്ടത്തിലും കയറ്റം കയറുന്നതിലും കാര്‍ത്തിക് വിദഗ്ധനാണെന്നാണ് പൊലീസ് പറയുന്നത്. അതുകൊണ്ടാണ് പലയിടത്തുനിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ ഇയാള്‍ക്ക് കഴിയുന്നത്.
എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് കാര്‍ത്തിക്കിനെ വീടുകയറി മോഷണം നടത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി ക്രൂരമായി മര്‍ദിച്ചിരുന്നു. സംഭവത്തില്‍ ഇയാളുടെ കൈക്ക് പരിക്കേറ്റു. പിന്നീട് കാമുകിയുടെ സഹോദരന്‍ കാര്‍ത്തികിന്റെ കാലില്‍ കുത്തി പരിക്കേല്‍പ്പിച്ചു. ഇതുകാരണം കാര്‍ത്തിക്കിന് പഴയതുപോലെ ഇപ്പോൾ ഓടാന്‍ കഴിയുന്നില്ലത്രേ.