NEWS

മമ്മൂട്ടി, അഭിനയ മികവിൻ്റെ പര്യായം, ജിതേഷ് മംഗലത്ത്

സഹികെട്ടപ്പോൾ ഞാൻ മമ്മൂട്ടി എന്ന നടനെ അവഗണിക്കാൻ തുടങ്ങി. മമ്മുട്ടിയുടെ നല്ല സിനിമകളെ അംഗീകരിക്കുമ്പോഴും, അദ്ദേഹത്തെ ആഘോഷിക്കാൻ മിനക്കട്ടേയില്ല. പക്ഷേ താരമെന്ന നിലയിൽ ഒളിമങ്ങാൻ തുടങ്ങുമ്പോഴും, ഒരു പെർഫറോമറെന്ന നിലയിൽ മമ്മൂട്ടി തുടർന്നു കൊണ്ടിരിക്കുന്ന നൈരന്തര്യം അവിശ്വസനീയം തന്നെ. പഴയ മമ്മൂട്ടിയെന്ന നടനെ തിരഞ്ഞുപോകേണ്ട അവസ്ഥ ഒരിക്കലും പുതിയ മമ്മൂട്ടിയുണ്ടാക്കിയിട്ടില്ല.
സ്വയം നവീകരിക്കപ്പെടാൻ പാകത്തിലുള്ള ഒരഭിനയശൈലി പുളളി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒരുപക്ഷേ ഏറ്റവും ഫ്ലെക്സിബിളായ ആക്ടിങ് പാറ്റേൺ പോലും അദ്ദേഹത്തിൻ്റേതാണ്

മ്മൂട്ടിയോട് ചിലപ്പോഴൊക്കെ ഭയങ്കര അസൂയ തോന്നാറുണ്ട്.
‘പ്രായം തോന്നിക്കാത്ത ചർമ്മം’കൊണ്ടല്ല, സിനിമയോടുള്ള ഒരിക്കലും എരിഞ്ഞടങ്ങാത്ത ആ അദമ്യമായ തൃഷ്ണയോട്.
താരമൂല്യത്തിന്റെ കാര്യത്തിൽ മോഹൻലാൽ മമ്മൂട്ടിയെ എന്നേ മറികടന്നുകഴിഞ്ഞിരിക്കുന്നു…!

പക്ഷേ തനിക്കു സിനിമയെയാണ് ആവശ്യം എന്ന ചിന്ത തപിപ്പിക്കുന്ന കാലം വരെ മമ്മൂട്ടി ആർക്കും പ്രാപ്യനായിരിക്കും, ഏതു തലമുറയ്ക്കുമതെ.
‘പോത്തൻ വാവ’ കഴിഞ്ഞയുടൻ മമ്മൂട്ടി ‘കറുത്ത പക്ഷികൾ’ ചെയ്യും; ‘മായാവി’ക്കൊപ്പം ‘കയ്യൊപ്പും’.
‘ഒരേ കടലി’ന് ഡേറ്റ് കൊടുക്കുന്നതിന്റെയെന്ന് വൈകീട്ട് ‘രൗദ്ര’ത്തിന് ഡേറ്റ് കൊടുക്കാൻ പള്ളിക്ക് മടിയുണ്ടാവില്ല.
‘ലൗ ഇൻ സിംഗപ്പൂരും’ ‘പട്ടണത്തിൽ ഭൂത’വും ചെയ്ത് മൂക്കിൽ വിരൽ വെപ്പിക്കുന്നതിനു തൊട്ടുപിന്നാലെ ‘പഴശ്ശിരാജ’യും, ‘പാലേരി മാണിക്യ’വും ചെയ്ത് നമ്മെക്കൊണ്ട് കയ്യടിപ്പിക്കും മമ്മൂട്ടി.
പെർഫോമറെന്ന നിലയിൽ ഏത് ന്യൂനാങ്കത്തിൽ നിൽക്കുമ്പോഴും അദ്ദേഹത്തിൻ്റെ പക്കൽ അതിന്റെയിരട്ടിയാവേഗത്തിൽ വിമർശനങ്ങളെ കൈയടികളാക്കുന്ന മാന്ത്രികവിദ്യകളുണ്ടാകും. അതുകൊണ്ടാണ് ‘വന്ദേമാതര’ത്തിന്റെ നിർമ്മാതാവ് മമ്മൂട്ടിയെ കുറ്റം പറയുന്ന അതേ സമയത്ത് ഒരു ‘പ്രാഞ്ചിയേട്ടൻ’ അദ്ദേഹം നമ്മുടെ ഇഷ്ടങ്ങളിലേക്ക് ചേർത്തു വെക്കുന്നത്. അതുകൊണ്ടാണ് ‘കോബ്ര’യെയും, ‘താപ്പാന’യേയും മറന്നുകൊണ്ട് നമ്മൾ ‘ബെസ്റ്റ് ആക്ടറി’ലേക്ക് മമ്മൂട്ടിയുടെ പേരിനെ ചുരുക്കുന്നത്.
ഓർമ്മവെച്ച നാൾ മുതൽ എനിക്കിഷ്ടപ്പെട്ടയാളുടെ പേരിന് എതിരെ കേട്ട ഒരു പേരായിട്ടായിരുന്നു മമ്മൂട്ടിയെന്നിൽ അടയാളപ്പെട്ടത്; ‘യോദ്ധ’യോർക്കാൻ ‘ഒരപ്പൂസ്’ എന്ന പോലെ. ഒരിക്കൽ അൻവറിനെയും, ലാറയേയും, മാർക്ക് വോയേയും പോലെ, പിന്നൊരിക്കൽ കാലിസിനെയും, പോണ്ടിങ്ങിനെയും, സംഗക്കാരയേയും പോലെ മമ്മൂട്ടിയെന്നിൽ, വളരാൻ കൂട്ടാക്കാതിരുന്ന ഒരു മോഹൻലാൽ ആരാധകനിൽ, അരക്ഷിതബോധം നിറച്ചുകൊണ്ടേയിരുന്നു. സഹികെട്ടപ്പോൾ ഞാനാനടനെ അവഗണിക്കാൻ തുടങ്ങി. മമ്മുട്ടിയുടെ നല്ല സിനിമകളെ അംഗീകരിക്കുമ്പോഴും, അദ്ദേഹത്തെ ആഘോഷിക്കാൻ മിനക്കട്ടേയില്ല. അതെന്തായാലും താരമെന്ന നിലയിൽ ഒളിമങ്ങാൻ തുടങ്ങുമ്പോഴും, ഒരു പെർഫറോമറെന്ന നിലയിൽ മമ്മൂട്ടി തുടർന്നു കൊണ്ടിരിക്കുന്ന നൈരന്തര്യം അവിശ്വസനീയമാണെന്നു പറയാതെ വയ്യ. പഴയ മമ്മൂട്ടിയെ(മമ്മൂട്ടിയെന്ന നടനെ) തിരഞ്ഞുപോകേണ്ട അവസ്ഥ ഒരിക്കലും പുതിയ മമ്മൂട്ടിയുണ്ടാക്കിയിട്ടില്ല.
സ്വയം നവീകരിക്കപ്പെടാൻ പാകത്തിലുള്ള ഒരഭിനയശൈലി പുളളിയിലെവിടെയോ ഉണ്ടാക്കിയെടുത്തിട്ടുണ്ടാവണം.
ഒരുപക്ഷേ ഏറ്റവും ഫ്ലെക്സിബിളായ ആക്ടിങ് പാറ്റേൺ പോലും അദ്ദേഹത്തിൻ്റേതായിരിക്കണം.

അനുബന്ധം: ‘പുഴു’ എന്താവുമെന്നൊന്നും ഈയൊരു ടീസർ വെച്ചു പറയാൻ കഴിയില്ല.പക്ഷേ മമ്മൂട്ടി ഈസ്… ❤️‍🔥

* സിനിമയെ സർഗാത്മകമായി വിലയിരുത്തുന്ന യുവനിരയിലെ നിരൂപകരിൽ ഏറ്റവും ശ്രദ്ധേയനാണ് ജിതേഷ് മംഗലത്ത്.

Back to top button
error: