NEWS

യുഡിഎഫിലെ ട്രബിൾ ഷൂട്ടർ ,ലീഗിലെ ഏകാന്ത പഥികൻ ,കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തിരിച്ചെത്തുമ്പോൾ

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് നിന്ന് മലപ്പുറം പാണക്കാട് എത്തി ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു .അപ്രതീക്ഷിതമെന്ന് തോന്നിക്കാവുന്ന ഈ സന്ദർശനത്തിന് ഒറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ .യു ഡി എഫ് രാഷ്ട്രീയത്തിലെ ട്രബ്ൾ ഷൂട്ടർ പികെ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിക്കണമെന്നു തങ്ങളോട് അഭ്യർത്ഥിക്കൽ .

സംസ്ഥാനം മൂന്നു തെരഞ്ഞെടുപ്പുകളിലേക്ക് കടക്കുകയാണ് .ഒന്ന് തദ്ദേശഭരണ തെരഞ്ഞെടുപ്പാണ് .രണ്ടാമത്തേത് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും .മൂന്നാമത്തേത് നിയമസഭാ തെരഞ്ഞെടുപ്പ് .ക്വാർട്ടർ ഫൈനലിനും സെമി ഫൈനലിനും ഫൈനലിനും ഇടയിൽ കാലാവധി ഹ്രസ്വമാണ് .ഈ സാഹചര്യത്തിൽ ആണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കുഞ്ഞാലിക്കുട്ടിയെ തിരികെയെത്തിക്കാനുള്ള അഭ്യർത്ഥനയുമായി രമേശ് ചെന്നിത്തല നേരിട്ട് പാണക്കാട് എത്തിയത് .

Signature-ad

യു ഡി എഫിന് വീണു കിട്ടിയ അവസരമാണ് സ്വർണക്കള്ളക്കടത്തും സ്വപ്ന സുരേഷും .തുടർഭരണം എൽഡിഎഫ് ഏതാണ്ട് ഉറപ്പിച്ചു നിൽക്കുമ്പോൾ ആണ് അശനിപാതം കണക്കെ സ്വർണക്കള്ളക്കടത്ത് കേസ് പിണറായി സർക്കാരിന് മേൽ പതിക്കുന്നത് .ഇതൊരു അവസരമായി തന്നെ യുഡിഎഫ് കണ്ടു .സ്വപ്നയുടെ ബന്ധങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ നീണ്ടിട്ടുണ്ടെന്നു മനസിയിലാക്കിയതോടെ യുഡിഎഫ് മെഷിനറി സടകുടഞ്ഞേണീറ്റു .

എന്നാൽ ആ ആഹ്ളാദത്തിനു അധിക വയസുണ്ടായില്ല .വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം യുഡിഎഫിന്റെ പ്രതീക്ഷയ്ക്ക് മങ്ങൽ ഏല്പിച്ചു .മാത്രമല്ല കേരള കോൺഗ്രസ്സ് എം എൽഡിഎഫിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പാവുകയും ചെയ്തു .ഈ സാഹചര്യത്തിലാണ് പരിണിതപ്രജ്‌ഞനായ രാഷ്ട്രീയക്കാരൻ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത യു ഡിഎഫ് നേതൃത്വത്തിന് ബോധ്യമായത് .

ഉന്നതാധികാര സമിതിയിലെ ആറു പേരിൽ നാല് പേര് എതിരായിട്ടും കുഞ്ഞാലിക്കുട്ടിക്ക് ബഷീറിനെയും വഹാബിനെയും വെട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് എത്താൻ സാധിച്ചത് കോൺഗ്രസിന്റെ പിന്തുണ ഒന്നുകൊണ്ടു മാത്രമാണ് .പണ്ടും ഘടക കക്ഷികളാണ് കുഞ്ഞാലിക്കുട്ടിയുടെ കൈമുതൽ .കൊടുത്തും കൊണ്ടുമുള്ള ബന്ധമാണത് .വിവാദങ്ങളിൽ പെട്ട് ഉഴറുമ്പോൾ സ്വന്തം പാർട്ടി കൈവിട്ടിട്ടും കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ അസ്തമനത്തെ പിടിച്ചു നിർത്തിയത് ഘടക കക്ഷി നേതാക്കളോടുള്ള ബന്ധമാണ് .

കേരള കോൺഗ്രസുകൾ ഒന്നായ ശേഷം മാണി -ജോസഫ് ഭിന്നത രൂക്ഷമായപ്പോൾ ഉമ്മൻചാണ്ടിക്കൊപ്പം വിഷയത്തിൽ ഇടപെട്ടത് കുഞ്ഞാലിക്കുട്ടിയായിരുന്നു .മറ്റു ലീഗ് നേതാക്കളെ പോലല്ല കുഞ്ഞാലിക്കുട്ടി .യു ഡി എഫിലെ മുതിർന്ന നേതാക്കളോട് അടുത്ത ബന്ധം കുഞ്ഞാലിക്കുട്ടിക്കുണ്ട് .ഇപ്പോൾ ജോസഫ് -ജോസ് അങ്കത്തിൽ ആ മാജിക് ഫലിക്കാതെ പോയത് തലമുറകൾ തമ്മിലുള്ള അന്തരം ഒന്ന് കൊണ്ട് മാത്രമാണ് .

മറ്റു മുസ്ലിം സംഘടനകളുമായി ലീഗ് പരസ്യ ബന്ധത്തിന് പോകുകയാണ് .ഇത് ലീഗിനകത്ത് മാത്രമല്ല ലീഗിനെ പിന്തുണക്കുന്ന സമസ്തയിലും വലിയ അനുരണനങ്ങൾ സൃഷ്ടിക്കുന്നുണ്ട് .ഇത്തരം പ്രതിസന്ധികളിൽ കുഞ്ഞാലിക്കുട്ടിയുടെ സൗഹൃദവലയം ഒരു വേള തങ്ങളെ തന്നെ രക്ഷിക്കുമെന്ന് ലീഗ് നേതൃത്വവും കരുതിയിരിക്കാം .

സംസ്ഥാന രാഷ്ട്രീയം ഉന്നം വയ്ക്കുന്ന രണ്ട് നേതാക്കൾ ലീഗിൽ തന്നെയുണ്ട് .ഒന്ന് ഇ ടി മുഹമ്മദ് ബഷീർ ആണ് .മറ്റൊന്ന് അബ്ദുൾ വഹാബും .ഒരു വ്യവസായി എന്നതിനപ്പുറം കറ തീർന്ന രാഷ്ട്രീയക്കാരൻ ആയി വഹാബ് മാറിക്കഴിഞ്ഞിരിക്കുന്നു .കുഞ്ഞാലിക്കുട്ടി സംസ്ഥാന ലീഗ് നേതൃത്വത്തിൽ നേരിടേണ്ട പ്രധാന എതിരാളിയും വഹാബ് തന്നെയായിരിക്കും .ഒരുവേള പാണക്കാട് ഹൈദരലി തങ്ങൾ പോലും ഒരു പണത്തൂക്കം മുന്നിൽ നിർത്തുന്നത് വഹാബിനെ ആയിരിക്കും .ബഷീറാകട്ടെ ദേശീയ തെരഞ്ഞെടുപ്പുകളുടെ ചുമതലയിലേക്കും പോയി .

കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ലീഗിനെ നയിക്കാൻ നിയോഗിച്ചെങ്കിലും പാർട്ടിക്കുള്ളിൽ കാര്യങ്ങൾ അത്ര സുഖകരം അല്ല.സംസ്ഥാന സമിതിയിൽ കുഞ്ഞാലിക്കുട്ടി ഒറ്റയാൻ ആണ് .യൂത്ത് ലീഗിൽ നിന്നും എതിർപ്പ് വന്നേക്കാം .എങ്കിലും അതിലും വലുത് എന്തൊക്കെ കുഞ്ഞാലിക്കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചിരിക്കുന്നു .എന്തായാലും ഒന്ന് ഉറപ്പാണ് യുഡിഎഫിലെ ട്രബ്ൾ ഷൂട്ടറിനു ഈ കോണി കയറൽ പാർട്ടിക്കുള്ളിൽ അത്ര സുഖകരമായിരിക്കില്ല .

Back to top button
error: