വിഴിഞ്ഞം: പിറവിളാകം ശിവക്ഷേത്രത്തിന് സമീപം തെങ്ങിൽ കൂട് കൂട്ടിയിരിക്കുന്ന കുളവി നാട്ടുകാർക്ക് ഭീക്ഷണിയാവുന്നു.ക്ഷേത്രത്തിന് സമീപമുള്ള പറമ്പിലെ തെങ്ങിലാണ് ഏകദേശം നാലടിയോളം വലിപ്പമുള്ള ആനക്കുളവി (വലിയ കടന്നൽ) കൂട് കൂട്ടിയിരിക്കുന്നത്.ഇതിന് സമീപത്തായി പതിനഞ്ചോളം വീടുകളുണ്ട്. ഉണങ്ങിയ ഓലയിൽ പിടിച്ചിരിക്കുന്ന കൂട് ഏത് സമയവും താഴെ വീഴാം.
വാർഡ് കൗൺസിലർ ഇക്കാര്യം നഗരസഭാ അധികൃതരെയും ഫയർഫോഴ്സിനേയും അറിയിച്ചെങ്കിലും സ്ഥലമുടമയുടെ ഉത്തരവാദിത്തമാണ് കൂട് നശിപ്പിക്കേണ്ടത് എന്ന മറുപടിയാണ് ലഭിച്ചത്. ഫയർഫോഴ്സിൻ്റെ നിർദേശപ്രകാരം കൂട് നശിപ്പിക്കുന്ന വിദഗ്ദരെ വിളിച്ച് കാണിച്ചപ്പോൾ 7500 രൂപ ചിലവ് വരുമെന്ന് പറയുന്നു.തങ്ങൾ ഇനി ആരെ സമീപിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.