എണ്ണക്കിണർ എന്ന് കേട്ടിട്ടുണ്ട്.പക്ഷെ എങ്ങനെയാണ് എണ്ണക്കിണറുകളുടെ പ്രവർത്തനം ?
ഒരു ചങ്ങലയിലെ കണ്ണികൾപോലെ പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്ന ഹൈഡ്രോ കാർബൺ തന്മാത്രകളുടെ മിശ്രിതമാണ് പെട്രോളിയം.പെട്രോളും ഡീസലും മണ്ണെണ്ണയുമൊക്കെ കൂടിക്കലർന്ന അസംസ്കൃത എണ്ണയാണിത്. പെട്രോ എന്ന ലാറ്റിൻ പദത്തിന് പാറ എന്നാണർഥം; ‘ഓലിയം’ എന്നാൽ എണ്ണ എന്നും. പണ്ട്, പാറകൾക്കിടയിലെ വിള്ളലുകളിലൂടെ പെട്രോളിയം ഊറിവന്നിരുന്നതിനാൽ പാറയിൽനിന്നും കിട്ടുന്ന എണ്ണ എന്ന അർഥത്തിലാണ് പെട്രോളിയം എന്ന വാക്കുണ്ടായത്.എണ്ണ കുഴിച്ചെടുത്ത് ഉപയോഗിക്കുന്ന രീതി പ്രചാരത്തിലായത് 19-ാം നൂറ്റാണ്ടിലാണ്.
അമേരിക്കക്കാരനായ എഡ്വിൻ ഡ്രേക്ക് (Edwin Drake) ആണ് എണ്ണക്കിണർ കുഴിച്ച് വിജയംകണ്ടെത്തിയ ആദ്യത്തെ ആൾ. യു.എസിലെ പെൻസിൽവാനിയയിൽ വെറും 70 അടി താഴ്ചയിൽ അദ്ദേഹം എണ്ണനിക്ഷേപം കണ്ടെത്തി. അക്കാലത്ത് തൊട്ടിയും കയറും പിക്കാസും കൈക്കോട്ടുമൊക്കെയായിരുന്നു എണ്ണക്കിണർ കുഴിക്കാനുപയോഗിച്ച ആയുധങ്ങൾ. ദിവസവും 25 ബാരൽ എണ്ണയാണ് ആദ്യത്തെ എണ്ണക്കിണറിൽനിന്നും ലഭിച്ചത്. ഇന്ന് പ്രതിദിനം 500 ബാരൽ എണ്ണവരെ കുഴിച്ചെടുക്കാൻ ശേഷിയുള്ള വമ്പൻ കിണറുകൾ അറബ് നാടുകളിൽ ഉണ്ട്.
പെട്രോളിയത്തിനെയും അതിൽനിന്നും വേർതിരിച്ചെടുക്കുന്ന വസ്തുക്കളെയും പൊതുവേ ഫോസിൽ ഇന്ധനം എന്ന് പറയുന്നു. ലക്ഷക്കണക്കിന് വർഷങ്ങൾക്കുമുൻപ് മണ്ണടിഞ്ഞ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളിൽ (ഫോസിലുകൾ) നിന്നാണ് പെട്രോളിയം ഉണ്ടാകുന്നത്. അതുകൊണ്ടാണ് പെട്രോളിയം ഫോസിൽ ഇന്ധനം എന്നറിയപ്പെടുന്നത്.
നാം സ്ഥിരമായി കേൾക്കുന്ന വാക്കാണിത്. പെട്രോളിയത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ‘ഇത്ര ബാരൽ എണ്ണ’ എന്നൊക്കെ. പണ്ടുമുതലേ പെട്രോളിയം കുഴിച്ചെടുത്ത് വലിയ വീപ്പകളിലാണ് (ബാരൽ) കൊണ്ടുപോയിരുന്നത്. 159 ലിറ്ററാണ് ഒരു ബാരൽ.
ഒട്ടനവധി സംയുക്തങ്ങളാണ് പെട്രോളിയത്തിലുള്ളത്. കുഴിച്ചെടുക്കുന്ന പെട്രോളിയത്തെ നേരിട്ട് ഉപയോഗിക്കാൻ പറ്റില്ല. അവ ശുദ്ധീകരിക്കാനാണ് റിഫൈനറികൾ അഥവാ ശുദ്ധീകരണശാലകളുള്ളത്. റിഫൈനറികളിലെത്തുന്ന പെട്രോളിയത്തെ അംശ്വികസ്വേദനം അഥവാ Fractional Distillation എന്ന സാങ്കേതികവിദ്യവഴി വേർതിരിച്ചെടുക്കുന്നു. പെട്രോളിയത്തെ ചൂടാക്കുന്ന രീതിയാണിത്. ഇതിലൂടെ ഓരോ സംയുക്തവും പല താപനിലയിൽ വേർതിരിഞ്ഞുവരുന്നു. ഇവയിൽ ആദ്യം കിട്ടുന്ന കുറെ സംയുക്തങ്ങളുണ്ട്. എളുപ്പത്തിൽ വാതകാവസ്ഥയിലെത്തുന്ന ഗ്യാസൊലിനുകൾ ആണിവ. ഇവയ്ക്ക് പിന്നാലെ പെട്രോൾ, ഡീസൽ, മണ്ണെണ്ണ, ജെറ്റ് ഫ്യുവൽ, നാഫ്ത, മെഴുക്, ടാർ, പ്ലാസ്റ്റിക് തുടങ്ങിയവയും ലഭിക്കുന്നു.
തണുത്തുറഞ്ഞു കിടക്കുന്ന ആർട്ടിക് പ്രദേശംമുതൽ 20,000 അടിയിലേറെ താഴ്ചയിലും പെട്രോളിയം സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ മാർഗങ്ങളിലൂടെയാണ് എണ്ണയുടെ സാന്നിധ്യം ഇന്ന് മനസ്സിലാക്കുന്നത്. എണ്ണക്കിണർ കുഴിക്കാൻ റോട്ടറി റിഗ്ഗുകൾ ഇപ്പോൾ പ്രചാരത്തിലുണ്ട്.കൂടുതൽ ആഴത്തിലും വേഗത്തിലും കുഴിക്കാൻ കഴിവുള്ള ഇവയ്ക്ക് ഒരു പവർ യൂണിറ്റും ഡെറിക് എന്ന പേരുള്ള വമ്പൻ ടവറുകളുമുണ്ടാകും. ഭൂമിതുരക്കാനുള്ള പ്രത്യേക ദണ്ഡുകളും അതോടനുബന്ധിച്ച് തുരക്കാൻ കുഴലുകളുമുണ്ടാകും.
പ്രകൃതി മനുഷ്യന് വേണ്ടി കരുതിവെച്ച അമൂല്യനിധിയാണ് പെട്രോളിയം.അത് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ ഭൂമിക്കുതന്നെ നാശമുണ്ടാകും. എണ്ണച്ചോർച്ചകൾ വൻ ദുരന്തങ്ങളാണ് ചരിത്രത്തിൽ വരുത്തിയിട്ടുള്ളത്. പലപ്പോഴും എണ്ണക്കപ്പലുകളിൽനിന്നും പലകാരണങ്ങളാൽ ചോർച്ച ഉണ്ടാകാറുണ്ട്. ലക്ഷക്കണക്കിന് ലിറ്റർ എണ്ണയായിരിക്കും കടലുകളിൽ ഒഴുകിപ്പരക്കുന്നത്. കടൽമത്സ്യങ്ങളും കടൽജീവികളും നിമിഷംകൊണ്ട് ചത്തുപൊങ്ങും.കടലിന്റെ ആവാസവ്യവസ്ഥയാകെ തകരും.മനുഷ്യന് വളരെ ഉപകാരപ്രദമായ വസ്തുവാണെങ്കിലും പെട്രോളിയം ഉത്പന്നത്തിന്റെ അമിതോപയോഗം ആഗോളതാപനത്തിന് കാരണമാകുന്നു.