സദ്ഭരണ സൂചികയിൽ മികച്ച അഞ്ചു സംസ്ഥാനങ്ങളിൽ കേരളവും. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സദ്ഭരണ സൂചിക (ഗുഡ് ഗവേണൻസ് ഇൻഡക്‌സ്- ജിജിഐ) പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനം നേടി.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്. വാണിജ്യ-വ്യവസായ മേഖലയിൽ കൃത്യമായ മുന്നേറ്റം രേഖപ്പെടുത്തിയ കേരളം ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സ് ഇംപ്ലിമെന്റേഷൻ സ്‌കോർ 44.82 ൽ നിന്ന് 85.00 ആയി ഉയർത്തി. പഞ്ചാബിന് പുറമെ കേരളം മാത്രമാണ് ഈ സ്‌കോർ മെച്ചപ്പെടുത്തിയത്. വ്യവസായ മേഖലയുടെ സംയുക്ത വാർഷിക വളർച്ചാ നിരക്ക് 2019-ൽ 1.00 ആയിരുന്നത് 2021-ൽ 7.91 ആയി ഉയർന്നു.
മനുഷ്യവിഭവശേഷി വികസനം, നൈപുണ്യ പരിശീലനം, തൊഴിൽ ലഭ്യതാ അനുപാതം എന്നിവയിലും കേരളം സ്‌കോർ മെച്ചപ്പെടുത്തി. പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിങ്ങിലും കേരളം ഒന്നാം സ്ഥാനത്താണ്. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗിൽ രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയില്‍ മൂന്നാം സ്ഥാനവും നേടി. /