പ്രധാനമന്ത്രി സഞ്ചരിക്കുന്ന വാഹനങ്ങള് തീരുമാനിക്കുന്നതും സംരക്ഷിക്കുന്നതുമെല്ലാം എസ്പിജി എന്ന സ്പെഷൽ സുരക്ഷാ വിഭാഗമാണ്.എസ്യുവികളോട് പ്രത്യേക താൽപര്യമുള്ള മോദിയുടെ വാഹന വ്യൂഹത്തിൽ റേഞ്ച് റോവറും, ലാൻഡ് ക്രൂസറും ബിഎംഡബ്ല്യു 7 സീരിസും ഉണ്ട്. എന്നാൽ അടുത്തിടെ വാഹനപ്രേമികളുടെ കണ്ണുടക്കിയത് പ്രധാനമന്ത്രിയുടെ ഏറ്റവും പുതിയ കാർ മെയ്ബ എസ്650 ഗാർഡിലാണ്.
വിആർ 10 പ്രൊട്ടക്ഷൻ ലെവൽ പ്രകാരം നിർമിക്കുന്ന ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങളിലൊന്നാണ് മെയ്ബ എസ് 650 ഗാർഡ്. കാറിന്റെ 2 മീറ്റർ ചുറ്റളവിൽ 15 കിലോഗ്രാം ടിഎൻടി വരെ ഉപയോഗിച്ചുള്ള സ്ഫോടനം ഉണ്ടായാലും കാറിലെ ആളുകൾ സുരക്ഷിതരായിരിക്കും. ബോയിങ്ങിന്റെ അപ്പാച്ചി ഹെലികോപ്റ്റർ നിർമിക്കുന്ന വസ്തുകൾക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഇന്ധനടാങ്ക് നിർമിച്ചിരിക്കുന്നത്.ഏതെങ്കിലും സാഹചര്യത്തിൽ സുഷിരങ്ങൾ വീണാൽ അത് സ്വയം അടയും. കൂടാതെ പഞ്ചറായാലും ഓടാൻ സാധിക്കുന്ന ടയറുകളുമാണ് കാറിന്. പ്രത്യേകം നിർമിച്ചിരിക്കുന്ന ബോഡിയിൽ വെടിയുണ്ടകളോ ചെറു മിസൈലുകളോ ഏൽക്കില്ല. കാറിനുള്ളിലേക്ക് വായു എത്താത്ത സാഹചര്യമുണ്ടായാൽ പ്രത്യേകം ഓക്സിജൻ നൽകാനുള്ള സംവിധാനവും ഇതിലുണ്ട്.
മെയ്ബ എസ് 650 ഗാർഡിന് കരുത്തേകുന്ന്ത് 6 ലീറ്റർ വി12 എൻജിനാണ്. 516 ബിഎച്ച്പി കരുത്തും 900 എൻഎം ടോർക്കും നൽകും ഈ എൻജിൻ. മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗം.
ലോകത്ത് ഏറ്റവും ഉയർന്ന സുരക്ഷ നൽകുന്ന പ്രൊഡക്ഷൻ കാറാണ് ഈ മെയ്ബ. കൂടാതെ പ്രൊഡക്ഷനിലുള്ള ഏറ്റവും വിലകൂടിയ അതി സുരക്ഷ കാറും ഇതുതന്നെ. വിആർ 10 പ്രൊട്ടക്ഷൻ ലെവൽ പ്രകാരമുള്ള അടിസ്ഥാന സുരക്ഷ സംവിധാനങ്ങൾ മാത്രം ചേർത്താൽ ഏകദേശം 12 കോടി രൂപയാണ് ഈ വാഹനത്തിന്റെ വില. ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് ഹൈടെക് സുരക്ഷകൾ ഉയർത്താവുന്നതുകൊണ്ട് പ്രധാനമന്ത്രിയുടെ കാറിന്റെ വില എത്രയെന്ന് ആർക്കും അറിയില്ല!