സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം തള്ളി വാളയാർ പെണ്‍കുട്ടികളുടെ അമ്മ, നിയമ പോരാട്ടം തുടരും
പുതിയ അന്വേഷണത്തിലും നീതി കിട്ടിയില്ലെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സി.ബി.ഐ ആവർത്തിച്ചു. കുട്ടികളെ കൊലപ്പെടുത്തിയതാണെന്ന കാര്യത്തിൽ സംശയമില്ലെന്നും പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി
വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതോടെ നാലു കൊല്ലം നീണ്ടുനിന്ന അന്വേഷണത്തിന് വിരാമമായി. ആത്മഹത്യ എന്ന സി.ബി.ഐ കണ്ടെത്തലിനെ തള്ളി പെണ്‍കുട്ടികളുടെ അമ്മ രംഗത്തെത്തിയതോടെ നിയമ പോരാട്ടം തുടരാണ് സാധ്യത.
നിരന്തര പീഡനമാണ് കുട്ടികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിനൊടുവില്‍ സി.ബി.ഐയും കണ്ടെത്തിയിരിക്കുന്നത്. 2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് ഈ വീട്ടിൽ തന്നെ അനുജത്തി ഒമ്പതു വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ ഉത്തരത്തില്‍ ഒമ്പതുവയസ്സുകാരിക്ക് തൂങ്ങാനാവില്ലെന്ന ആരോപണമുയര്‍ന്നതോടെ സംശയം ബലപ്പെട്ടു.13 കാരിയുടെ മരണത്തിലെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു ഒമ്പത് കാരി.
മാര്‍ച്ച് ആറിന് അന്നത്തെ എ.എസ്.പി, ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണമാരംഭിച്ചു.
മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി എന്നാണ് തൊട്ടടുത്ത ദിവസം പൊലീസ് പുറത്തുവിട്ട പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. ഇതോടെ പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായി എന്ന ആരോപണമുയര്‍ന്നു. തുടർന്ന് അന്വേഷണ സംഘം പുനസംഘടിപ്പിച്ചു. വാളയാര്‍ എസ്ഐ, പി.സി. ചാക്കോയെ സംഘത്തില്‍ നിന്ന് ഒഴിവാക്കി. അന്വേഷണ ചുമതല ഡിവൈഎസ്പി എം.ജെ. സോജനു നല്കി.
തൊട്ടുപിന്നാലെ വി.മധു, ഷിബു എന്നിവരെ അറസ്റ്റ് ചെയ്തു. വാളയാര്‍ എസ്ഐ പി.സി. ചായ്ക്ക് സസ്പന്‍ഷനും ഡിവൈഎസ്പി വാസുദേവന്‍, സിഐ വിപിന്‍ ദാസ് എന്നിവര്‍ക്കെതിരെ വകുപ്പു തല അന്വേഷണത്തിനും ഉത്തരവായി. മാര്‍ച്ച് പത്തിന് വീണ്ടും രണ്ടു പേരെക്കൂടി അറസ്റ്റ് ചെയ്തു. എം.മധു, പ്രദീപ് കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒരാഴ്ചയ്ക്ക് ശേഷം കേസില്‍ ഒരു പതിനാറുകാരന് കൂടി അറസ്റ്റിലായി. കേസന്വേഷണം നടക്കുന്നതിനിടെ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പ്രവീണ്‍ എന്ന 29കാരന് തൂങ്ങിമരിച്ചു. ഒടുവില്‍ സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് ജൂണ്‍ 22 ന് കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
പതിനാറുകാരന്റെ ഒഴികെ മറ്റ് നാല് പ്രതികളുടെ പേരില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിൽ പോക്സോ, ആത്മഹത്യാ പ്രേരണ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗങ്ങള്‍ക്കെതിരായ അതിക്രമം തുടങ്ങി വകുപ്പുകളാണ് ഉണ്ടായിരുന്നത്. പതിനാറുകാരന്റെ വിചാരണ ജുവനൈല്‍ കോടതിയിലേക്കും മാറ്റി. 2019 ഒക്ടോബര്‍ ഒമ്പതിന് വിധി വന്നു. മൂന്നാം പ്രതി പ്രദീപ് കുമാറിനെ പാലക്കാട് കോടതി തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. പിന്നാലെ വി.മധു, എം.മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിട്ടു.
വിധി റദ്ദാക്കണമെന്നും പുനര്‍ വിചാരണ വേണമെന്നുമാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. കേസന്വേഷണത്തിലും നടത്തതിപ്പിലും ഗുരുതര വീഴ്ചയുണ്ടെയെന്ന ആരോപണത്തെത്തുടര്‍ന്ന് റിട്ടയേഡ് ജില്ലാ ജഡ്ജി പി.കെ. ഹനീഫയെ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനായി വച്ചു. 2020 മാര്‍ച്ച് 18 ന് പൊലീസിനും പ്രോസിക്യൂഷനും വീഴ്ചയുണ്ടായെന്ന് ഹനീഫ കമ്മീഷന് കണ്ടെത്തി. അതിനിടെ മൂന്നാം പ്രതി പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു.
ഇക്കൊല്ലം ജനുവരിയില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. പിന്നാലെ സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണന് കേസ് അന്വേഷണമാരംഭിച്ചു. കൊലപ്പെടുത്തി കെട്ടിതൂക്കിയെന്ന സമര സമിതിയുടെ ആരോപണം പരിശോധിക്കാന്‍ ഡമ്മി പരീക്ഷണം നടത്തി. ശാസ്ത്രീയ തെളിവുകൾ വിശകലനം ചെയ്തു. ഒടുവില്‍ അന്വേഷണ സംഘം ആത്മഹത്യയെന്ന നിഗമനത്തിലെത്തുമ്പോഴും നിരന്തര ശാരീരിക പീഡനത്തിന് കുട്ടികള്‍ ഇരയായിട്ടുണ്ടെന്ന കണ്ടെത്തലും സി.ബി.ഐ കുറ്റപത്രത്തിലുണ്ട്.
സിബിഐ അന്വേഷണത്തിൽ നീതി കിട്ടിയില്ലെന്നും, മുൻ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐ ആവർത്തിക്കുകയാണെന്നും കുട്ടികളെ കൊലപ്പെടുത്തിയതാണെന്നും വാളയാർ പെൺകുട്ടികളുടെ അമ്മ വ്യക്തമാക്കി.
അതേ സമയം സിബിഐ സമർപ്പിച്ച കുറ്റപത്രം ഒരു നിലയ്ക്കും അംഗീകരിക്കാൻ കഴിയില്ലെന്ന് വാളയാർ സമര സമിതി നേതാവ് സി.ആർ നീലകണ്ഠനും പറഞ്ഞു. ഒന്നുകിൽ സിബിഐ ഗൗരവത്തോടെയല്ല കേസിനെ സമീപിച്ചത്, അല്ലെങ്കിൽ ആദ്യമേ സംശയിക്കുന്നത് പോലെ കേസിൽ അട്ടിമറി നടന്നിട്ടുണ്ടാകും. കുറ്റപത്രം പഠിച്ച ശേഷം ഹൈക്കോടതിയെ സമീപിക്കുമെന്നും നീലകണ്ഠൻ വ്യക്തമാക്കി