പൂജാമുറിയിൽ ക്രിസ്തുവിന്റെയും മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രങ്ങൾ.ആരതിയുഴിഞ്ഞു ക്രിസ്തുപൂജ നടത്തുന്ന സ്വാമിമാർ….സ്വാമി വിവേകാനന്ദൻ തുടങ്ങിവച്ച ക്രിസ്മസ് ആഘോഷം പതിറ്റാണ്ടുകളായി മുടക്കാത്ത തൃശ്ശൂർ പുറനാട്ടുകര ശ്രീരാമകൃഷ്ണ ആശ്രമത്തിൽ ഇത്തവണയും ക്രിസ്മസ് പൂജ നടത്തി.ആരതി ഉഴിഞ്ഞു, കേക്ക് നിവേദ്യമായി അർപ്പിച്ച ശേഷം എല്ലാവരും ചേർന്നു മുറിച്ചു പങ്കിട്ടു.
നൂറ്റാണ്ടിലേറെയായി ശ്രീരാമകൃഷ്ണാശ്രമത്തിന്റെ എല്ലാ കേന്ദ്രങ്ങളിലും ക്രിസ്മസ് ആഘോഷവും ഭാരതീയ രീതിയിലുള്ള ക്രിസ്തുപൂജയും നടക്കും. ക്രിസ്തുവിന്റെ ആശയങ്ങളുടെ ആരാധകനായിരുന്ന സ്വാമി വിവേകാനന്ദൻ 1890കളിലാണ് സർവമത സമന്വയത്തിൽ വിശ്വസിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ ആശ്രമങ്ങളിൽ ക്രിസ്മസ് പൂജയും ആഘോഷവും വേണമെന്നു നിർദേശിച്ചത്. ലോകമെമ്പാടുമായി ആയിരത്തോളം ആശ്രമങ്ങളിലാണ് ഇങ്ങനെ ക്രിസ്മസ് ആഘോഷം നടന്നത്.