ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്നും എട്ടു കിലോമീറ്റർ ദൂരത്താണ് കോന്നി.ഇവിടുത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ്
കോന്നി ആനത്താവളവും അടവിയും.ആനത്താവളത്തിലേക്ക് 20 രൂപ പ്രവേശന ഫീസ് അടച്ചു കയറാം.ആന സവാരിയുൾപ്പടെ ഇവിടെ ഒരുക്കിയിട്ടുണ്ട്.പുതുതായി എത്തുന്ന ആനകളെ ചട്ടം പഠിപ്പിക്കുന്ന ആനത്തൊട്ടിൽ, മ്യൂസിയം തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ. ഇവിടെ നിന്ന് കുട്ടവഞ്ചി സവാരിയാൽ പ്രസിദ്ധമായ അടവിയിലേക് പോകാം.കോന്നി കരിമാൻതോട് റൂട്ടിലാണ് അടവി എക്കോ പോയിന്റ്.പോകുന്ന വഴി മുഴുവൻ തേക്കിൻ കടുകളാണ്.കാടിനുള്ളിൽ കല്ലാറിൽ മണൽനിറച്ച ചാക്ക് കൊണ്ട് തടയണ കെട്ടി വെള്ളം തടഞ്ഞു നിർത്തിയാണ് കുട്ടവഞ്ചി സവാരി ഒരുക്കിയിരിക്കുന്നത്.400 രൂപ കൊടുത്താൽ ഒരു വഞ്ചിയിൽ 4 പേർക് കയറാം.ലൈഫ് ജാക്കറ്റ് അവർ തരും തുഴയാൻ ആളുകൾ ഉണ്ട്..ഇങ്ങനെ കല്ലാറിൽക്കൂടി കാടിന്റെ തണലിൽ ഒരു കിലോമീറ്റർ യാത്ര..കുറെ ദൂരം സഞ്ചരിച്ചു കഴിയുമ്പോൾ വഞ്ചിക്കാരൻ പെട്ടെന്ന് കുട്ട വട്ടത്തിൽ കറക്കും.കാടിനുള്ളിൽ മനുഷ്യരുടെ അലർച്ച മുഴങ്ങും.കിളികൾ അതുകേട്ട് കളിയാക്കി ചിരിക്കും.ഇതോടെ തുഴയുന്ന ആൾ വഞ്ചി വീണ്ടും വേഗത്തിൽ വട്ടത്തിൽ കറക്കും.. അമ്യൂസ്മെന്റ് പാർക്കിലെ റൈഡുകൾ പോലും തോറ്റ് പോകും അമ്മാതിരി കറക്കൽ…! പിന്നെ തിരിച്ചു പോരും..അവിടെ തന്നെ കുടുംബശ്രീയുടെ ഒരു ഹോട്ടൽ ഉണ്ട്. ഊണും മറ്റും ലഭ്യമാണ്.
ഇവിടെ നിന്നും ഒരു കിലോ മീറ്റർ ദൂരത്താണ് മണ്ണീറ വെള്ളച്ചാട്ടം.വെള്ളം തട്ടു തട്ടായുള്ള പാറയിടുക്കിൽ കൂടി പതഞ്ഞു ഒഴുകി ഇറങ്ങി വരുന്ന കാഴ്ച ആരെയും അത്ഭുതപ്പെടുത്തും. പാറക്കൂട്ടങ്ങളിൽ തട്ടിത്തെറിച്ചു വരുന്ന വെള്ളത്തിന്റെ ശബ്ദവും കേട്ട് നിൽക്കാൻ തന്നെ രസമാണ്.മഴക്കാലത്തു സമൃദ്ധമായ മണ്ണീറ വെള്ളച്ചാട്ടം വേനലിലും അതുപോലെ നിലനിർത്താൻ കഴിഞ്ഞാൽ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായി വളരാൻ അടവിക്കൊപ്പം ഭാവിയിൽ സാധ്യതയുണ്ട്.