NEWS

സോളാര്‍ തട്ടിപ്പു കേസില്‍ ജനുവരി 1ന് വിധി

വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് വിശ്വസിപ്പിച്ച്‌ സോളാര്‍ വൈദ്യുതിയുടെ പേരിൽ കിംസ് ആശുപത്രിയിലെ ഡോ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍ നിന്ന് 29, 60, 000 രൂപ തട്ടിച്ചെടുത്ത കേസിലാണ് ബിജു രാധാകൃഷ്ണന്‍, ശാലു മേനോന്‍, ശാലുവിന്റെ മാതാവ് കലാദേവി എന്നിവർ വിചാരണ നേരിടുന്നത്

വീട്ടില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച്‌ 29. 60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാര്‍ തട്ടിപ്പു കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ജനുവരി 1 ന് വിധി പ്രസ്താവിക്കും.
സോളാര്‍ തട്ടിപ്പിനിരയായ ഡോ. മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവർ സമര്‍പ്പിച്ച മുതലും പലിശയും കോടതിച്ചെലവും ചേര്‍ത്ത് പ്രതികളിലും പ്രതികളുടെ സ്ഥാവരജംഗമ സ്വത്തുക്കളിലും സ്ഥാപിച്ച്‌ ഈടാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള നഷ്ടപരിഹാര സിവിൽ കേസിലാണ് പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ഡാനിയേല്‍ വിധി പ്രസ്താവിക്കുന്നത്.

Signature-ad

2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ബിജു രാധാകൃഷ്ണന്‍, സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍, ശാലുവിന്റെ മാതാവ് കലാദേവി എന്നിവരാണ് കേസില്‍ വിചാരണ നേരിട്ട പ്രതികള്‍.

അതേ സമയം ചതിച്ചെടുത്ത പണമുപയോഗിച്ച്‌ രണ്ടാം പ്രതി സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍ ചങ്ങനാശ്ശേരിയില്‍ പണികഴിപ്പിച്ച പടുകൂറ്റന്‍ ബംഗ്ലാവും സ്ഥലവും കേസില്‍ അന്തിമ വിധിക്കു വിധേയമായി കോടതി 2013 ല്‍ ജപ്തി ചെയ്തിരുന്നു. വാദികളായ ഡോക്ടര്‍ ദമ്പതികളുടെയും സാക്ഷികളുടെയും വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് അന്തിമ വാദം കേട്ട ശേഷമാണ് വിധി ജനുവരി ഒന്നിന് പ്രഖ്യാപിക്കുന്നത്.

സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ സോളാര്‍ വൈദ്യുതിയുടെ പേരില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍ മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍ നിന്ന് 29, 60, 000 രൂപ തട്ടിച്ചെടുത്തുവെന്നാണ് കേസിലെ തര്‍ക്ക വിഷയം.

പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും 1, 04, 60, 000 രൂപ കൈപ്പറ്റി സോളാര്‍ തട്ടിപ്പിനിരയാക്കിയെന്ന മറ്റൊരു ക്രിമിനല്‍ കേസ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്.

Back to top button
error: