NEWS

കെ.എസ് സേതുമാധവൻ വിടവാങ്ങി

സേതുമാധവന്റെ ‘അനുഭവങ്ങൾ പാളിച്ചക’ളിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തിയത്. ബാലതാരമായി കമൽഹാസനെ ആദ്യമായി മലയാള സിനിമയിൽ അവതരിപ്പിച്ചതും ‘കന്യാകുമാരി’ യിലൂടെ നായകനായി അവതരിപ്പിച്ചതും സേതുമാധവനാണ്. ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു. സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച കെ.എസ് സേതുമാധവൻ ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനാണ്

ചെന്നൈ: മലയാള സിനിമയിലെ നാഴികക്കല്ലുകളായ നിരവധി സിനിമകൾ സമ്മാനിച്ച പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവൻ(90) വിടവാങ്ങി. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവൻ മലയാള സിനിമയെ ദേശീയ അന്തർദേശീയ പ്രശസ്തിയിലേയ്ക്കുയർത്തിയ ഒട്ടേറെ സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടൻ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു.

സമഗ്രസംഭാവനകളെ പരിഗണിച്ച് 2009 ൽ ജെ.സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.

1971 ൽ സേതുമാധവന്റെ ‘അനുഭവങ്ങൾ പാളിച്ചക’ളിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് എത്തുന്നത്. ബാലതാരമായി കമൽഹാസനെ ആദ്യമായി മലയാള സിനിമയിൽ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനാണ്. ‘കന്യാകുമാരി’ യിലൂടെ കമൽഹാസനെ നായകനായി അവതരിപ്പിച്ചതും അദ്ദേഹം തന്നെ. 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു.

സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനാണ്. ഏറ്റവും കൂടുതൽ സാഹിത്യകൃതികൾ സിനിമയാക്കിയ സംവിധായകനുമാണ്.

അനുഭവങ്ങൾ പാളിച്ചകൾ, ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനൽകിനാവുകൾ, ഓടയിൽ നിന്ന്, സ്ഥാനാർഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു.

Back to top button
error: