ന്യൂഡൽഹി: രാജ്യത്ത് പുതുതായി 19 പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 80 ശതമാനം പേരിലും രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
നിലവിലെ സാഹചര്യത്തെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഒമിക്രോൺ പ്രതിരോധത്തിന് നിലവിലുള്ള വാക്സിന്റെ കാര്യക്ഷമത പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പരിശോധനയ്ക്ക് ആവശ്യമായ ലാബുകളും ടെസ്റ്റ് സംവിധാനങ്ങളും ട്രാക്കിങ്ങും ഉറപ്പു വരുത്തിയിട്ടുണ്ട്. 44 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചത് വളരെ വേഗത്തിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഡൽഹിയിൽ എട്ട് പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ അഞ്ചും കേരളത്തിൽ നാലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 54 പേരിലാണ് മഹാരാഷ്ട്രയിൽ ഒമിക്രോൺ സ്ഥിരീകരിച്ചത്. ഡൽഹിയിൽ 30 പേരിലും.