റോം:ഈ വർഷത്തെ ക്രിസ്മസിന് സമ്മാനങ്ങൾ കൈമാറുമ്പോൾ അവ പൊതിയേണ്ടതില്ലെന്ന് നഗരവാസികളുടെ തീരുമാനം. ക്രിസ്മസ് സീസണുകളിൽ പരസ്പരം കൈമാറുന്ന സമ്മാനങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പേപ്പറുകളും റിബണുകളും സമ്മാനങ്ങൾ അലങ്കരിക്കുന്ന പ്ലാസ്റ്റിക്ക് പൂക്കളും ക്രിസ്മസിനുശേഷം റോഡരികിലുംമറ്റും കുന്നുകൂടി വലിയൊരു പരിസ്ഥിതി പ്രശ്നമായി മാറുന്നത് കുറേവർഷങ്ങളയുള്ള പതിവുകഴ്ചയാണ്.
ഈ സാഹചര്യത്തിൽ, നഗരത്തിലെ പുതിയ പരിസ്ഥിതി കൗൺസിലർ സബ്രീന അൽഫോൺസിയാണ് ഇത്തവണ ക്രിസ്മസ് സമ്മാനങ്ങൾ കഴിവതും പൊതിയാതെ കൈമാറിക്കൂടേ എന്നൊരു ആശയം മുന്നോട്ടുവച്ചത്. തലസ്ഥാനം വൃത്തിയായി സൂക്ഷിക്കാൻ തങ്ങൾക്ക് പൗരന്മാരുടെ സഹായം ആവശ്യമാണെന്നും താൽപ്പര്യമുള്ളവർ ഇതിനോട് സഹകരിക്കണമെന്നും സബ്രീന ആവശ്യപ്പെട്ടു. കാര്യത്തിന്റെ ഗൗരവം മനസിലാക്കി വലിയെരുവിഭാഗം റോം നിവാസികൾ ഈ ആശയത്തെ പിന്തുണക്കുകയായിരുന്നു.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ ശേഖരണവും സംസ്കരണവും ക്രിസ്മസ് കാലയളവുകളിൽ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. ഓരോരുത്തർക്കും ചെയ്യാൻകഴിയുന്ന ചെറിയ കാര്യങ്ങൾപോലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും സബ്രീന പറഞ്ഞു.
ക്രിസ്മസിന് നഗരം വൃത്തിയായി സൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച്,
ഒക്ടോബറിൽ റോമിന്റെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ട റോബർതോ ഗ്വാൾതിയേരി ഗൗരവമായ ചർച്ചകൾ നടത്തിയിരുന്നു.
അധികാരമേറ്റ് ആഴ്ചകൾക്കുള്ളിൽത്തന്നെ,
റോമാ നഗരം വൃത്തിയാക്കാനുള്ള 40 മില്യൺ യൂറോയുടെ പദ്ധതി ഗ്വാൾതിയേരി പ്രഖ്യാപിച്ചിരുന്നു. നഗരത്തിലെ മാലിന്യശേഖരണ തൊഴിലാളികൾ, ക്രിസ്മസ് കാലയളവിൽ ജോലിക്ക് ഹാജരായാൽ അവർക്ക് 360 യൂറോവരെ ബോണസ് നൽകാനും തീരുമാനമുണ്ട്.