IndiaNEWS

ഉത്തരേന്ത്യയിൽ അതിശൈത്യം;ഷിംലയിലും ജമ്മുവിലും മഞ്ഞുവീഴ്ച

ഷിംല: സഞ്ചാരികൾക്ക് ആവേശമായി ഹിമാചൽ പ്രദേശിലെ ഷിംലയിൽ വീണ്ടും കനത്ത മഞ്ഞുവീഴ്‌ച. മഞ്ഞ് മൂടിയ മലനിരകളും വഴികളും ആസ്വദിക്കാനായി  നിരവധി പേരാണ് ഇവിടെ എത്തുന്നത്.
ഷിംലയിലെ കുഫ്രിയിലും കിന്നൗറിലും ചംമ്പയിലെ ദൽഹൗസിയിലുമാണ് മഞ്ഞുവീഴ്ച ഉണ്ടായത്.
മഞ്ഞുവീഴ്ച പ്രദേശവാസികളെ ആഹ്ലാദത്തിലാഴ്ത്തി. തെരുവിലിറങ്ങിയ കുട്ടികളും മുതിർന്നവരും ഉൾപ്പടെ മഞ്ഞ് ആസ്വദിച്ചു. നഗരത്തിലെ കെട്ടിടങ്ങൾ, മരങ്ങൾ, ചെടികൾ എന്നിവ മഞ്ഞ് പുതഞ്ഞു കിടക്കുകയാണ്.

അതേസമയം ഉത്തരേന്ത്യയിലാകെ  അതിശൈത്യം തുടരുകയാണ്. വ്യാഴാഴ്ച വരെ ശീതതരംഗത്തിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ ഒരു ഡിഗ്രിക്ക് താഴെയാണ് താപനില. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 3.5 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി. വരുന്ന മൂന്ന് ദിവസങ്ങളില്‍ അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത ഇനിയും കുറയുമെന്നും ഇതുമൂലം തണുപ്പിന്റെ ആഘാതവും കുറയുമെന്നും കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു.

ജമ്മുകശ്മീരിലും ശക്തമായ മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്. രാജസ്ഥാനില്‍ രേഖപ്പെടുത്തിയ കുറഞ്ഞ താപനില -2.6 ഡിഗ്രിയാണ്. നിലവില്‍ വടക്ക്, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യയെ മുഴുവന്‍ ശീതക്കാറ്റ് ബാധിക്കുന്നുണ്ടെന്ന് റീജിയണല്‍ മെറ്റീരിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ സീനിയര്‍ സയന്റിസ്റ്റ് ആര്‍.കെ ജെനാമണി പറഞ്ഞു. പടിഞ്ഞാറ് നിന്ന് വീശിയടിക്കുന്ന അതിവേഗ ഹിമക്കാറ്റാണ് ഇതിന് കാരണം

Back to top button
error: