തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷത്തെ ക്രിസ്മസ് -പുതുവത്സര മേളകള്‍ക്ക് തുടക്കമായി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സരമേളകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പുത്തരി കണ്ടം മൈതാനിയില്‍ ഭക്ഷ്യ -പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി. ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.
ഉത്സവ കാലങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ഗുണ നിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനും, വിപണി ഇടപെടല്‍ ശക്തിപ്പെടുത്തുന്നതിനുമായാണ് മേളകള്‍ സംഘടിപ്പിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ സപ്ലൈകോ വഴി 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിലൂടെ വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്താനും വിപണി ഇടപെടല്‍ കാര്യക്ഷമമാക്കാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതു വിപണിയേക്കാള്‍ 40 ശതമാനം വരെ വിലക്കുറവിലാണ് ഭക്ഷ്യ ധാന്യങ്ങളും ശബരി ഉത്പന്നങ്ങളും സപ്ലൈകോ വഴി വില്‍പ്പന നടത്തുന്നത്. സപ്ലൈകോ ഒട്ട് ലെറ്റിലൂടെ വില്‍പ്പന നടത്തുന്ന സാധനങ്ങളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനായി പരിശോധന കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.