കൂട്ടുകാർക്കൊപ്പം കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു
കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണു വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷ പെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു
കോട്ടയം: സുഹൃത്തുക്കൾക്ക് ഒപ്പം കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ചങ്ങനാശേരി പുഴവാത് സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ വാഴപ്പള്ളി വില്ലേജ് ഓഫിസിനു സമീപം തിരുവെങ്കിടപുരം ക്ഷേത്രക്കുളത്തിലാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം വിഷ്ണു നീന്തൽ പഠിക്കുന്നതിനായാണ് വാഴപ്പള്ളി വില്ലേജ് ഓഫീസിന് സമീപത്തെ കുളത്തിൽ എത്തിയത്. കുളത്തിൽ നീന്തൽ പഠിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക് താഴ്ന്നു പോകുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ചേർന്ന് രക്ഷ പെടുത്താൻ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുളത്തിൽ ഇറങ്ങി വിഷ്ണുവിനെ കരയ്‌ക്കെത്തിച്ചു. ഉടൻ തന്നെ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിഷ്ണുവും സഹോദരൻ കണ്ണനും സുഹൃത്തുക്കളും കുളത്തിൽ നീന്തൽ പഠിക്കാനും കുളിക്കാനും എത്തുന്നത് പതിവായിരുന്നു എന്ന് സമീപവാസികൾ പറയുന്നു. ചങ്ങനാശേരി ഹോർട്ടികോർപ്പിലെ ജീവനക്കാരാനാണ് വിഷ്ണു.
ചങ്ങനാശേരി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തുരുത്തി യൂദാപുരം ആശുപത്രി മോർച്ചറിയിൽ. ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം പിന്നീട്.
മാതാവ്: സതി. സഹോദരി: ഐശ്വര്യ. ഭാര്യ: പ്രീതി. ഏകമകൾ: ദക്ഷ.