റോം. ഇറ്റലിയിലെ ജനനനിരക്ക് 160 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നനിലയിൽ എത്തിയതായി കണക്കുകൾ. കോവിഡ് -19 ന്റെ വിപരീതഫലങ്ങൾ ഒരു പ്രധാന ഘടകമായി ഉദ്ധരിച്ച് ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസായ ISTAT പുതിയ കണക്കുകൾ പുറത്തുവിട്ടത്തോടെയാണ് രാജ്യത്തെ കുറയുന്ന ജനനനിരക്ക് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്.
1861നു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. തുടർച്ചയായി 12-ാം വർഷവും ജനനിരക്ക് കുറഞ്ഞുവരുന്നത് അധികൃതരിൽ ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
2021ലെ ആദ്യ ഒൻപതു മാസങ്ങളിൽ, മുൻ വർഷത്തേക്കാൾ 12,500 കുട്ടികളുടെ കുറവ് ആണ് രേഖപ്പെടുത്തിയത്. 2020 ൽ രാജ്യത്ത് 4,04,892 കുട്ടികൾ ജനിച്ചിരുന്നു. ഈ കുറവ് നിസാര കാര്യമായി കരുതാനാവില്ലെന്നാണ് വിലയിരുത്തൽ.
ഈ കാലയളവിൽ മരണനിരക്കിൽ വലിയ വർദ്ധനവ് ഉണ്ടായതായും പ്രത്യേകം പറയുന്നുണ്ട്. 2019 നെ അപേക്ഷിച്ച് ഏകദേശം 112,000 മരണങ്ങളാണ് കൂടുതലുണ്ടായത്.
ഏറ്റവും കൂടുതൽ ജനനങ്ങൾ രേഖപ്പെടുത്തിയത് വടക്കൻ ഇറ്റലിയിലെ ബൊൾസാനോയിലും ഏറ്റവും കുറവ് സർദിനിയ ദ്വീപിലുമാണ്. 2020 ൽ ഇറ്റാലിയൻ സ്ത്രീകൾക്ക് ആദ്യത്തെ കുഞ്ഞ് ജനിച്ചതിന്റെ ശരാശരി പ്രായം 31.4 ആണെന്നും ISTAT കണക്കുകൾ പറയുന്നു.