KeralaNEWS

പ്രണയത്തിന്റെ പേരിൽ ജീവനെടുക്കുന്ന   സൈക്കോ ക്രിമിനലുകൾ

സെപ്റ്റംബർ 29 നായിരുന്നു  വൈക്കം തലയോലപ്പറമ്പ് കളപ്പുരക്കല്‍ വീട്ടില്‍ നിധിന മോള്‍(22) പാലാ സെന്റ് തോമസ് കോളജിൽ വച്ച് കുത്തേറ്റ് മരിച്ചത്. പാലാ സെന്‍റ്. തോമസ് കോളേജിലെ വിദ്യാർഥി തന്നെയായ കൂത്താട്ടുകുളം ഉപ്പാനിയില്‍ പുത്തന്‍പുരയില്‍ അഭിഷേക്  ബൈജുവായിരുന്നു ഘാതകൻ.

ഇക്കഴിഞ്ഞ ജൂലൈയിൽ പെരിന്തൽമണ്ണയിലും ഇങ്ങനെയൊരു സംഭവം നടന്നിരുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെൺകുട്ടിയെ ഇവിടെയും യുവാവ് കുത്തിക്കൊന്നു.എളാട് സ്വദേശി ദ്യശ്യ ആണ് മരിച്ചത്. 21 വയസ്സായിരുന്നു. പ്രതി വിനീഷ് എന്ന ചെറുപ്പക്കാരൻ.

സമാനമായ സംഭവമായിരുന്നു കഴിഞ്ഞ ദിവസം തിക്കോടിയിൽ നടന്നതും.22 വയസ്സ് മാത്രം പ്രായമുള്ളൊരു പെൺകുട്ടിയെ പ്രണയമെന്ന പേര് പറഞ്ഞ് കുത്തിയും തീയിട്ടും കൊന്നു.
മറ്റു രണ്ടു സംഭവങ്ങളും എന്നപോലെ തിക്കോടിയിലെ സംഭവവും ഞങ്ങൾ വിശദമായി എഴുതുകയാണ്.അല്ലെങ്കിൽ  കണ്ടറിഞ്ഞ കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം ഇവിടെ നേരിട്ട് പറയുകയാണ്. അത്ര നിസ്സാരമായി കത്തിച്ചു കളയേണ്ടവളല്ല പെൺകുട്ടിയെന്ന് ആൺകുട്ടികൾ തിരിച്ചറിയും വരെ ഇതിങ്ങനെ പറയുകയല്ലാതെ വേറെന്ത് വഴി?
കൃഷ്ണപ്രിയയുടെ അമ്മ സുജാതേച്ചി സിപിഐഎം പാർട്ടി മെമ്പറാണ്. മകൾക്ക് സംഭവിച്ച അപകടത്തിൽ അവരാകെ തകർന്നിട്ടുണ്ട്. ആ തകർച്ചയിലും അവർ പറഞ്ഞ കാര്യങ്ങൾ ഞെട്ടിക്കുന്നതാണ്.
കൃഷ്ണപ്രിയയും കൊലപാതകി നന്ദുവും കുറച്ച് കാലമായി അടുപ്പത്തിലായിരുന്നു.
അടുപ്പത്തിൻ്റെ സ്വാതന്ത്ര്യത്തിൽ നന്ദു കൃഷ്ണയുടെ ജീവിതത്തിൽ അമിതമായി ഇടപെട്ടു തുടങ്ങി.
മുടി അഴിച്ചിടാൻ സമ്മതിക്കില്ല, ചുരിദാറിൻ്റെ ഷാൾ ഒരു വശം മാത്രമായി ഇടാൻ പാടില്ല. ഭംഗിയിൽ ഒരുങ്ങി നടക്കാൻ പാടില്ല.താൻ പറയുന്നവർക്ക് മാത്രമേ ഫോൺ ചെയ്യാൻ പാടുള്ളൂ. സ്വാഭാവികമായും കൃഷ്ണ ഇത് എതിർക്കാൻ തുടങ്ങി. അപ്പോഴൊക്കെ ആ ക്രിമിനൽ തൻ്റെ മകളെ കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചിരുന്നു എന്നും പറഞ്ഞ് ആ അമ്മ കരയുന്നു.
രണ്ട് ദിവസം മുൻപ് ജോലിക്ക് പോവുന്നതിനിടെ കൃഷ്ണയുടെ ഫോൺ നന്ദു ബലമായി പിടിച്ചു വാങ്ങി. കോൺടാക്റ്റ് ലിസ്റ്റിലുണ്ടായിരുന്ന പലർക്കും താൻ കൃഷ്ണയെ കല്യാണം കഴിക്കുമെന്ന് വോയ്സ് മെസേജയച്ചു. പിന്നീട് ഫോൺ തിരിച്ചേൽപ്പിക്കാനെന്ന പേരിൽ നന്ദുവും ഒരു സുഹൃത്തും കൃഷ്ണയുടെ വീട്ടിലെത്തി. മകളെ കല്യാണം കഴിച്ച് തരണമെന്ന് അഛനോടാവശ്യപ്പെട്ടു. മകൾക്ക് കല്യാണ പ്രായമായിട്ടില്ലെന്ന് പറഞ്ഞപ്പോൾ കല്യാണം കഴിച്ച് തന്നില്ലെങ്കിൽ അവളെ കൊന്നുകളയുമെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.
പൊലീസിലോ പാർട്ടിക്കാരോടോ ഇക്കാര്യങ്ങളൊന്നും പറഞ്ഞില്ലേയെന്ന് ചോദിച്ചപ്പോൾ ‘മകൾക്കൊരു ജീവിതം ഉണ്ടാകേണ്ടതല്ലേ, ഇതൊക്കെ പുറത്തറിഞ്ഞാൽ നാണക്കേടല്ലേ’ എന്നാണ് സുജേച്ചി തിരിച്ചു ചോദിച്ചത്. ദുരഭിമാനം അവസാനം മകളുടെ ജീവനെടുക്കുമെന്ന് അവർ കരുതിക്കാണില്ല.
സാമ്പത്തികമായി മെച്ചപ്പെട്ടതല്ല കൃഷ്ണപ്രിയയുടെ ജീവിത സാഹചര്യം. പെയിൻ്റിംഗ് തൊഴിലാളിയായ അഛന് ഹൃദ്രോഗിയായതിന് ശേഷം പലപ്പോഴും പണിക്ക് പോകാനാവുന്നില്ല. അഛനെ സഹായിക്കാൻ എന്തെങ്കിലുമൊരു ജോലി അന്വേഷിക്കുകയായിരുന്നു കൃഷ്ണ. പി ജിക്കാരിയായിരുന്നിട്ടും ഗതികേട് കൊണ്ടാണ് പഞ്ചായത്തിൽ ഡാറ്റ എൻട്രി ജോലിക്കാരിയായത്. ജോലിയിൽ പ്രവേശിച്ചിട്ട് ഒരാഴ്ച. അതിൽ തന്നെ ഒരു ദിവസം നന്ദുവിനെ പേടിച്ച് ജോലിക്ക് പോയില്ല. ഇന്ന് സുജേച്ചി നിർബന്ധിച്ച് പറഞ്ഞയക്കുകയായിരുന്നു. പഞ്ചായത്ത് ഓഫീസിൻ്റെ ഗെയിറ്റിന് മുന്നിൽ കാത്തിരുന്ന നന്ദു കൃഷ്ണയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് തീ കൊടുത്തു. കൃഷ്ണയുടെ പാതി കത്തിയ ബാഗ് പഞ്ചായത്ത് ഓഫീസിന് മുന്നിലുണ്ട്. ഉച്ചയ്ക്കേക്കുള്ള ചോറ്റു പാത്രം. ഉരുകിത്തുടങ്ങിയ ഒരു പ്ലാസ്റ്റിക് പാത്രത്തിൽ കുറച്ച് കറി.
പ്രദേശത്തെ സജീവ ബി ജെ പി പ്രവർത്തകനാണ് നന്ദു. സൈക്കോ ക്രിമിനലാണെന്ന് കൃഷ്ണയുടെ അമ്മയും അഛനും പറഞ്ഞതിൽ നിന്ന് വ്യക്തം. ശബരിമലയ്ക്ക് പോകാൻ മാലയിട്ട് വ്രതത്തിലായിരുന്നത്രേ അയാൾ. ഇമ്മാതിരി ക്രിമിനലുകൾ മാലയുമിട്ട് ചെന്നാൽ പാവം അയ്യപ്പൻ ഓടി രക്ഷപ്പെടേണ്ടി വരും.
പഞ്ചായത്ത് ഓഫീസിന് മുന്നിൽ വച്ചുള്ള ഒരുവൻ്റെ ചോദ്യമാണ് ഇപ്പോഴും അസ്വസ്ഥതയോടെ മനസിലുള്ളത്. “നിങ്ങളെന്ത് കണ്ടിട്ടാണ് റിപ്പോർട്ട് ചെയ്യുന്നത്? അവര് പ്രേമത്തിലായിരുന്നു. പഞ്ചായത്തിൽ പണി കിട്ടിയപ്പോ ഓൾക്ക് ഓനെ വേണ്ടാതായി” എന്ന്.
തൻ്റെയൊക്കെ മകളെ ഒരുത്തൻ തീ വച്ച് കൊന്നാലും താനിത് തന്നെ പറയണമെന്നേ എനിക്കയാളോട് പറയാനായുള്ളൂ എന്ന സങ്കടമാണ് ബാക്കി.
നമുക്ക് ശേഷം വരുന്ന തലമുറയൊക്കെ കിടുവായിരിക്കുമെന്ന് കരുതിയിരുന്നു. അത്ര കിടുവല്ലെന്നും നോ പറഞ്ഞാൽ പെണ്ണിനെ കത്തിച്ചു കളയാമെന്ന ആൺ ബോധം തലമുറകൾ കൈമാറി വരുന്നതാണെന്നും നല്ല ചികിൽസ കിട്ടിയില്ലെങ്കിൽ ഇവരിനിയും കൊന്ന് മുന്നേറുമെന്നും ഇപ്പോൾ നല്ല ഉറപ്പുണ്ട്.
പെൺകുട്ടികളെ വളർത്തുകയും ആൺകുട്ടികൾ വളരുകയുമാണല്ലോ. ഇനിയെങ്കിലും നമ്മൾ വളർത്തുന്ന ആൺകുട്ടിക്ക് പെണ്ണിൻ്റെ ‘നോ’കളെ കഠാര കുത്തിയിറക്കിയും പെട്രോളൊഴിച്ച് കത്തിച്ചുമല്ലാതെ നേരിടാൻ പഠിപ്പിക്കേണ്ടതുണ്ട്.ഇല്ലെങ്കിൽ കേരളത്തിൽ ഇനിയും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കും.

Back to top button
error: