അടച്ചിട്ട കാലടിപാലം ഇന്നലെ രാത്രി മുതൽ ഗതാഗതത്തിന് തുറന്നു കൊടുത്തു
ഡിസംബർ 13 തിങ്കൾ മുതൽ 18 ശനി വരെ പൂർണമായും തുടർന്നുള്ള 3 ദിവസങ്ങൾ ഭാഗികമായും പാലം അടച്ചിടാനായിരുന്നു തീരുമാനം. എന്നാൽ ഉദ്ദേശിച്ചിരുന്നതിലും 3 ദിവസം മുമ്പേ പരിശോധനയും മെയിന്റനൻസ് ജോലികളും പൂർത്തിയായി
എറണാകുളം: കാലടി പാലം പരിശോധനകൾക്കു ശേഷം വാഹന ഗതാഗതത്തിന് തുറന്നു കൊടുത്തു. ഡിസംബർ 13 തിങ്കൾ മുതൽ 18 ശനി വരെ പൂർണമായും 19 മുതല്‍ 21 വരെ ഭാഗികമായും പാലം അടച്ചിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഇന്നലെ വൈകിട്ടോടെ പരിശോധനയും രാത്രിയിൽ ഇതിന്റെ ഭാഗമായ മെയിന്റനൻസ് ജോലികളും പൂർത്തിയായതോടെ പാലം തുറക്കുകയായിരുന്നു.
നിശ്ചിത സമയത്തിനും മുമ്പ് തന്നെ പരിശോധന പൂർത്തിയാക്കി പാലത്തിൽ ഗതാഗതം പുന:സ്ഥാപിക്കാൻ പ്രയത്നിച്ച റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥരെ ജില്ലാ കലക്ടർ ജാഫർ മാലിക് അഭിനന്ദിച്ചു.
പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പാലത്തിന്റെ ബലക്ഷയം പരിഹരിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കും.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള കാലടി ശ്രീശങ്കര പാലം അപകടാവസ്ഥയിലാണെന്ന ആശങ്കകയ്ക്കിടയിലാണ് പാലം പൂര്‍ണമായും പരിശോധിക്കാനും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കാനുമുള്ള നടപടി. വിശദമായ പഠനത്തിനായാണ് പതിമൂന്നാം തിയതി മുതല്‍ പാലം അടച്ചത്. വാഹനഗതാഗതവും കാല്‍നടയാത്രയും നിരോധിച്ചു. പക്ഷേ 18 നു തന്നെ പരിശോധനയും മെയിന്റനൻസ് ജോലികളും പൂർത്തിയായി.