ലക്‌നൗ: സമാജ്വാദി പാര്‍ട്ടി നേതാവും യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ബന്ധുവുമായ രാജീവ് റായുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. ശനിയാഴ്ച രാവിലെ കിഴക്കന്‍ യുപിയിലെ മൗ ജില്ലയിലുള്ള രാജീവിന്റെ വീട്ടിലേക്ക് വാരാണസിയില്‍നിന്നുള്ള ഉദ്യോഗസ്ഥരെത്തുകയായിരുന്നു. കര്‍ണാടകയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ഗ്രൂപ്പിന്റെ ഉടമയാണ് രാജീവ് റായ്.
ക്രിമിനല്‍ പശ്ചാത്തലമോ, കള്ളപ്പണ ഇടപാടോ ഇല്ലാത്ത ആളാണു താനെന്നു രാജീവ് അവകാശപ്പെട്ടു. ഞാന്‍ ആളുകളെ സഹായിച്ചു, പക്ഷേ സര്‍ക്കാരിന് അത് ഇഷ്ടപ്പെട്ടില്ല. അതിന്റെ ഫലമാണ് ഈ റെയ്ഡ്. നിങ്ങള്‍ എന്തെങ്കിലും ചെയ്താല്‍ അപ്പോള്‍ അവര്‍ എഫ്‌ഐആര്‍ ഇടും. ഒരു കാര്യവുമില്ലാതെ കേസ് നടത്തേണ്ടിവരും രാജീവ് റായ് മാധ്യമങ്ങളോടു പറഞ്ഞു. 2014ല്‍ ഘോസി മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്കു മത്സരിച്ചയാളാണു രാജീവ് റായ്. സമാജ്വാദി പാര്‍ട്ടി ദേശീയ സെക്രട്ടറിയും വക്താവുമാണ് രാജീവ് റായ്.
അഖിലേഷ് യാദവിന്റെ മെയിന്‍പുരിയിലുള്ള മറ്റൊരു ബന്ധുവിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി. മനോജ് യാദവ് എന്നയാള്‍ക്കെതിരെയാണു പരിശോധന നടന്നത്. സംസ്ഥാനത്തു നിയമസഭാ തിരഞ്ഞെടുപ്പു അടുത്തിരിക്കെയാണ് പരിശോധനയെന്നതും ശ്രദ്ധേയമാണ്.