വയനാട്: കുറുക്കന്മൂലയിലെ ജനവാസ മേഖലയില്‍ കടുവയുടെ പുതിയ കാല്പാടുകള് കണ്ടെത്തി. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്പാടുകള് കണ്ടെത്തിയത്. കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുന്നു.
2 കുങ്കിയാനകളുടെയും നിരീക്ഷണ ക്യാമറകളുടെയും സഹായത്തോടെയാണ് തെരച്ചില്‍. വനംവകുപ്പ് പുറത്തുവിട്ട കടുവയുടെ ചിത്രത്തില്‍ നിന്ന് കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റതായി വ്യക്തമായിരുന്നു. മുറിവുകളുള്ള കടുവ കാട്ടില്‍ ഇര തേടാന്‍ കഴിയാതെ ജനവാസ മേഖലയില്‍ തമ്പടിച്ചതായാണ് നിഗമനം.
ഇതുവരെ 15 വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നത്. വളര്‍ത്ത് മൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് നഷ്ടം പരിഹാരം നല്‍കുന്നത് വേഗത്തിലാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
കുറുക്കന്മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനം വകുപ്പിന്റെയും പൊലീസിന്റെയും വന്‍ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.