KeralaNEWS

കുറഞ്ഞ ചിലവിൽ മില്‍മ ഫ്രാഞ്ചൈസി തുടങ്ങാം; മാസം പതിനായിരങ്ങൾ  സമ്പാദിക്കാം

ലയാളികളെ സംബന്ധിച്ചും കേരളത്തിലെ ക്ഷീര കര്‍ഷകരെ സംബന്ധിച്ചും മില്‍മയ്ക്കുള്ള സ്ഥാനം വളരെ വലുതാണ്.അതിനാൽത്തന്നെ അങ്ങനെയൊരു ബ്രാന്‍ഡിന് വിപണിയുണ്ടോ എന്ന് സംശയിക്കേണ്ട കാര്യവുമില്ലല്ലോ.വിപണി വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്കും തൊഴിലവസരം നല്‍കുകയെന്ന കമ്പനിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമാണ് ഫ്രാഞ്ചൈസി എന്ന ആശയം. കുറഞ്ഞ മുതല്‍ മുടക്കില്‍ സ്ഥിര വരുമാനം ആഗ്രഹിക്കുന്ന ആര്‍ക്കും തുടങ്ങാവുന്ന സംരംഭ ആശയമായി മാറുകയാണ് മില്‍മ ഫ്രാഞ്ചൈസി.സംസ്ഥാനത്തുടനീളം മില്‍മയുടെ ഔട്ട്‌ലെറ്റുകള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഫ്രാഞ്ചൈസികൾ നൽകുന്നത്.
പാല്‍ ഉല്‍പ്പന്നങ്ങളുടെ ഒരു നീണ്ട നിര തന്നെ ഇന്ന് മില്‍മയ്ക്കുണ്ട്.ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന കമ്മീഷന്‍ തന്നെയാകും നിങ്ങളുടെ പ്രധാന വരുമാനം.മില്‍മ എന്ന ബ്രാന്‍ഡിനെ പറ്റി പരസ്യങ്ങള്‍ ഒന്നും തന്നെ നിങ്ങൾ നൽകേണ്ട ആവശ്യവുമില്ല.ആവശ്യത്തിനുള്ള പരസ്യങ്ങൾ കമ്പനി തന്നെ നൽകുന്നുണ്ട്.
മില്‍മയുടെ എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതു വഴി തന്നെ നിങ്ങള്‍ക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ സാധിക്കും. മില്‍മ നെയ്യ്, ഐസ്‌ക്രീം തുടങ്ങിയവയ്ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറുകയാണ്. മഫിന്‍സ്, കേക്ക്, ഐസ്‌ക്രീം, ബിസ്‌ക്കറ്റ്, പായസം മിക്‌സ്… മില്‍മ്മയുടെ ഉല്‍പ്പന്ന നിര നീളുകയാണ്. പാല്‍, തൈര്, നെയ്യ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഒഴികെ മറ്റെല്ലാ ഉല്‍പ്പന്നങ്ങളും തന്നെ കമ്പനി പുറത്തെത്തിക്കുന്നത്
ഫ്രാഞ്ചൈസികള്‍ വഴിയാണെന്നതും വരുമാന മാര്‍ഗമാണ്.
ഏറെക്കുറേ ലളിതമാണ് മില്‍മയുടെ ഫ്രാഞ്ചൈസി നിബന്ധനകള്‍.ഏറ്റവും പ്രധാനം നിങ്ങള്‍ ഫ്രാഞ്ചൈസിക്ക് അപേക്ഷിക്കുന്ന ചുറ്റുപാടില്‍ (2- 3 കിലോമീറ്ററിനുള്ളില്‍) മറ്റൊരു മില്‍മ ഫ്രാഞ്ചൈസി ഉണ്ടാകരുതെന്നതാണ്. ഗതാഗത സൗകര്യം ഉള്ള സ്ഥലത്തായിരിക്കണം ഫ്രാഞ്ചൈസി തുടങ്ങുന്നത്.പിന്നെ വേണ്ടത് ആവശ്യമായ രേഖകള്‍ ആണ്. ആധാര്‍, പാന്‍, ഫോട്ടോ, ഫ്രാഞ്ചൈസി എടുക്കാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ വിശദാംശങ്ങള്‍ എന്നിവയാകും നല്‍കേണ്ടത്. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണവും മറ്റു സവിശേഷതകളും വില്‍പ്പന സാഹചര്യങ്ങളും കണക്കിലെടുത്താകും ഡെപ്പോസിറ്റ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുക. വ്യക്തികൾക്കും സ്ഥലത്തിനും അനുസരിച്ച് ഡെപ്പോസിറ്റ് മാറുമെന്നു സാരം
 ഡെപ്പോസിറ്റ്, സ്‌റ്റോക്ക്, അടിസ്ഥാന സൗകര്യങ്ങള്‍, ബില്ലിങ് സിസ്റ്റം, ഫ്രീസറുകള്‍, കൂളര്‍ ഉള്‍പ്പെടെ കുറഞ്ഞത് രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെ ഫ്രാഞ്ചൈസിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത് എന്നാല്‍ ഇത് ഒറ്റത്തവണ നിക്ഷേപമായതിനാല്‍ നേട്ടങ്ങള്‍ ഏറെയാണ്. മില്‍മ നേരിട്ട് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നതിനാല്‍ തന്നെ ഏജന്റുമാരുടെ കമ്മീഷന്‍ ലാഭിക്കാന്‍ സാധിക്കും.വരുമാനം വര്‍ധിക്കാന്‍ ഇതു വഴിവയ്ക്കും.
ഇത്രയും തുക ഒരുമിച്ച് ചെലവഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഫ്രാഞ്ചൈസി വിവരങ്ങള്‍ റിപ്പോര്‍ട്ടാക്കി ബാങ്കിനെ സമീപിക്കാവുന്നതാണ്. മില്‍മ പോലുള്ള ബ്രാന്‍ഡില്‍നിന്ന് ഫ്രാഞ്ചൈസി ലഭിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ നിഷേധിക്കാനുള്ള സാധ്യത വളരെ കുറവാണ്.

Back to top button
error: