2021 ലെ ഒന്നാം വർഷ ഹയർസെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇംപ്രൂവ്മെന്റിന് അവസരം. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
കോവിഡ് – 19 മഹാമാരിയും പ്രകൃതിക്ഷോഭങ്ങളും കാരണം ഒന്നാം വർഷ ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പഠന പ്രവർത്തനങ്ങൾക്കായി സ്കൂളിൽ വേണ്ടത്ര നേരിട്ട് ഹാജരാകാൻ സാധിച്ചിരുന്നില്ല. കുറഞ്ഞ സമയത്തിനുള്ളിൽ വേണ്ടത്ര പഠനം നടത്താനുമായില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് ഇംപ്രൂവ്മെന്റ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.
ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകണമെന്ന അഭ്യർത്ഥന കെ എസ് ടി എ,എസ് എഫ് ഐ തുടങ്ങിയ സംഘടനകൾ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മുന്നിൽ വച്ചിരുന്നു. നിരവധി വിദ്യാർത്ഥികൾ നേരിട്ടും ഫോണിലൂടെയും ഇക്കാര്യം ഉന്നയിച്ചു. മന്ത്രി തലത്തിലും ഇക്കാര്യം പരിശോധിച്ചു. പൊതു ആവശ്യം കൂടി പരിഗണിച്ചാണ് പുതിയ ഉത്തരവെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.