നർമ്മത്തിന്റെ മർമ്മമറിഞ്ഞ എഴുത്തുകാരനായിരുന്നു തോമസ് പാലാ. മറ്റുള്ളവരുടെ സംസാരത്തിലെ നർമ്മം ആസ്വദിച്ച് പൊട്ടിച്ചിരിക്കുകയും തന്റെ നർമ്മഭാഷണത്താൽ മറ്റുള്ളവരെ കുടുകുടാ ചിരിപ്പിക്കുകയും ചെയ്ത നല്ലൊരു നർമ്മരസപ്രിയനായിരുന്നു അദ്ദേഹം. അടുത്ത സുഹൃത്തുക്കൾക്കും എണ്ണമറ്റ വായനക്കാർക്കും തോമസ് പാലാ പ്രിയങ്കരനായിത്തീർന്നത് അദ്ദേഹത്തിന്റെ ഈ സിദ്ധിവിശേഷം കൊണ്ടുതന്നെയാണ്.
കോട്ടയം ജില്ലയിലെ പാലായിൽ മൂഴയിൽ വീട്ടിൽ തൊമ്മൻ – അന്ന ദമ്പതികളുടെ നാലാമത്തെ മകനായി 1934 ഒക്ടോബർ 28നാണ് എം. ടി. തോമസ് എന്ന തോമസ് പാലാ ജനിച്ചത്. പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്ക്കൂളിൽ നിന്ന് എസ് എസ് എൽ സി വിജയിച്ച ശേഷം ടി ടി സിക്കു ചേർന്നു പഠിച്ച അദ്ദേഹം ഭരണങ്ങാനം സെന്റ് മേരീസ് ഹൈസ്ക്കുളിൽ അധ്യാപകനായിക്കൊണ്ടാണ് തന്റെ സർവീസ് ജീവിതം ആരംഭിച്ചത്. പിന്നീട് സർവ്വീസിൽ നിന്ന് പിരിയുന്നതുവരെ തന്റെ മാതൃവിദ്യാലയമായ പ്രവിത്താനം സെന്റ് മൈക്കിൾസ് ഹൈസ്ക്കൂളിൽ അധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു.
ഹാസസാഹിത്യകാരൻ, നാടകകൃത്ത്, അഭിനേതാവ്, വാഗ്‌മി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായിരുന്നു തോമസ് പാലാ. വളരെ പ്രഗത്ഭനായ ഒരു അധ്യാപകനുമായിരുന്നു അദ്ദേഹം. സ്ക്കൂളിലെ വിദ്യാർത്ഥികൾക്ക് രംഗത്ത് അവതരിപ്പിക്കാനായി തോമസ് പാലാ രചനയും സംവിധാനവും നിർവ്വഹിച്ച അനേകം ലഘുനാടകങ്ങൾ സ്ക്കൂൾ വാർഷികാഘോഷങ്ങളിലും കലോത്സവങ്ങളിലും മികച്ച നാടകങ്ങൾക്കുള്ള പുരസ്കാരങ്ങൾ നിരവധി തവണ നേടുകയുണ്ടായിട്ടുണ്ട്.
എസ്. എൽ. പുരം സദാനന്ദന്റെ ‘വില കുറഞ്ഞ മനുഷ്യൻ’ എന്ന നാടകത്തിലെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ വേദിയിൽ അവതരിപ്പിച്ച് തന്റെ മികച്ച ഭാവാഭിനയം കൊണ്ട് അവിസ്മരണീയമാക്കിയ തോമസ് പാലാ അമേച്വർ നാടകരംഗത്ത് കഴിവു തെളിയിച്ച ഒരു നടനായിരുന്നു. തോമസ് പാലാ തന്നെ രചന നിർവ്വഹിച്ച ‘വധുവിനെ ആവശ്യമുണ്ട് ‘ എന്ന നാടകത്തിൽ അദ്ദേഹം അവതരിപ്പിച്ച വാവച്ചൻ എന്ന നായകവേഷം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘ഉണങ്ങുന്ന ബോധിവൃക്ഷം’ ഉൾപ്പെടെ അദ്ദേഹത്തിന്റെ പത്തോളം റേഡിയോ നാടകങ്ങളും നിരവധി പ്രഭാഷണങ്ങളും ആകാശവാണി പ്രക്ഷേപണം ചെയ്തിട്ടുണ്ട്.
നെഞ്ചുവേദനയെത്തുടർന്ന് 1997 ഡിസംബർ 7നാണ് തോമസ് പാലാ നിര്യാതനായത്. അദ്ദേഹത്തിനപ്പോൾ 63 വയസ്സായിരുന്നു. എറണാകുളം പനങ്ങാട് തൈപ്പറമ്പിൽ കുടുംബാംഗമായ ഭാര്യ ട്രീസാമ്മ 2010 ൽ അന്തരിച്ചു. ബിന്ദു, മഞ്ജു, മനു ജോവാൻ എന്നിവരാണ് തോമസ് പാലായുടെ മക്കൾ.