പാരീസ്: മോണ്ട് ബ്ലാങ്ക് കൊടുമുടിയിൽനിന്നു രത്നശേഖരം കണ്ടെത്തിയ പർവതാരോഹകന് അതിന്റെ പാതി സമ്മാനിച്ച് ഫ്രഞ്ച് അധികൃതർ.
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ തകർന്ന എയർഇന്ത്യാ വിമാനത്തിലെ ഇന്ത്യക്കാരന്റേതെന്നു കരുതുന്ന രത്നങ്ങളടങ്ങിയ പെട്ടി 2013ലാണ് പർവതാരോഹകൻ കണ്ടെത്തിയത്. തുടർന്ന് അധികൃതർക്കു കൈമാറാൻ തയാറായ പർവതാരോഹകന്റെ സത്യസന്ധത ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു.
മരതകം, മാണിക്യം, ഇന്ദ്രനീലം തുടങ്ങിയ രത്നങ്ങളാണു പെട്ടിയിലുണ്ടായിരുന്നത്. ഇതിന്റെ മൂല്യം കണക്കാക്കി 1,28,000 ഡോളർ വീതം രണ്ടു പാതികളായി വിഭജിച്ച് ഒന്നു പർവതാരോഹകനു നല്കി.
മോണ്ട് ബ്ലാങ്കിൽ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ തകർന്നുവീണിട്ടുണ്ട്. 1950ലെ അപകടത്തിൽ 48പേരും 1966ലെ അപകടത്തിൽ 117 പേരും മരിച്ചു. മുംബൈയിൽനിന്നു ന്യൂയോർക്കിലേക്കു പറന്ന 1966ലെ വിമാനത്തിലുണ്ടായിരുന്നയാളുടെ രത്നശേഖരമാണിതെന്നു കരുതുന്നു. ഇന്ത്യയിലെ ഉടമസ്ഥരെ കണ്ടെത്താൻ ഫ്രഞ്ചുകാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അസ്ഥികൂടങ്ങളും ലഗേജുകളും കൊടുമുടിയിൽ കണ്ടെത്തിയിട്ടുണ്ട്.