ദില്ലി : ഡാം സുരക്ഷ ബിൽ രാജ്യസഭ പാസാക്കി. രാജ്യത്തെ പ്രധാന അണകെട്ടുകൾ എല്ലാം ദേശീയ തലത്തിൽ രൂപീകരിക്കുന്ന ഡാം സുരക്ഷ അതോറിറ്റിക്ക് കീഴിലാക്കുന്ന ബില്ലിന് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു.
നേരത്തെ ലോക്സഭ പാസാക്കിയ ബിൽ ഇന്ന് ശബ്ദ വോട്ടോടെ രാജ്യസഭയും പാസാക്കി. ഫെഡറൽ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമെന്ന പ്രതിപക്ഷ അംഗങ്ങളുടെ എതിര്‍പ്പുകൾ രാജ്യസഭ തള്ളി.
നിയമം നിലവിൽ വരുന്നതോടെ അണക്കെട്ടുകളുടെ നിരീക്ഷണം, പരിശോധന, നിയന്ത്രണം, പരിപാലനം എന്നിവ ദേശീയ അതോറിറ്റി നിര്‍വഹിക്കും. ദേശീയ അതോറിറ്റിക്ക് കീഴിൽ സംസ്ഥാനതല സമിതികളും ഉണ്ടാകും.
കേരളത്തിലെ 50ൽ അധികം അണകെട്ടുകൾ ഉൾപ്പെടെ രാജ്യത്തെ 5000ൽ അധികം അണകെട്ടുകൾ ഇതോടെ കേന്ദ്രത്തിന്റെ നിയന്ത്രണത്തിൽ ആകും.