കോളജ് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ പ്രതിയെ അറസ്റ്റ് ചെയ്തു
മൊബൈൽ ഫോണിലൂടെയാണ് നൗഷാദ് വിദ്യാർത്ഥിനിയെ പരിചയപ്പെട്ടത്. താൻ വിവാഹിതനാണെന്നും രണ്ട്കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരങ്ങൾ മറച്ചുവെച്ച് പെൺകുട്ടിയോട് ഇയാൾ വിവാഹാഭ്യർത്ഥന നടത്തി. വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ നൗഷാദ് ഒഴിഞ്ഞുമാറി. കഴിഞ്ഞ ദിവസം കോളജിലേക്ക് പോയ പെൺകുട്ടിയെ നൗഷാദ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകുകയായിരുന്നു
തൃശൂർ: കോളജ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പോലീസ് പിടിയിലായി. കൈപ്പമംഗലം കാളമുറി വലിയകത്ത് വീട്ടിൽ നൗഷാദി (40) നെയാണ് ടൌൺ വെസ്റ്റ് പോലീസ് സബ് ഇൻസ്പെക്ടർ കെ. എൻ. വിജയൻ അറസ്റ്റുചെയ്തത്. തൃശൂർ കേരളവർമ്മ കോളജിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ മൊബൈൽഫോണിലൂടെയാണ് ഇയാൾ പരിചയപ്പെട്ടത്. ഇതിനിടയിൽ പെൺകുട്ടിയുടെ ചില ഫോട്ടോകൾ ഇയാൾ കൈവശപ്പെടുത്തിയിരുന്നു. ഇയാൾ വിവാഹിതനാണെന്നും രണ്ട്കുട്ടികളുടെ അച്ഛനാണെന്നുമുള്ള വിവരം മറച്ചുവെച്ച് പെൺകുട്ടിയോട് തന്നെ വിവാഹം കഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇരുവീട്ടുകാരോടും ആലോചിച്ച് അവരുടെ സമ്മതപ്രകാരം വിവാഹം കഴിക്കാമെന്ന് പെൺകുട്ടി പറഞ്ഞപ്പോൾ ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു.
നവംബർ 29 ന് പഠിക്കാൻ കോളജിലേക്ക് പോയ പെൺകുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് വെസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ നൗഷാദും സ്ഥലം വിട്ടതായി മനസ്സിലാക്കി. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നൗഷാദും പെൺകുട്ടിയും എറണാകുളം ജില്ലയിലെ കാലടി ഭാഗത്ത് ഉള്ളതായി വ്യക്തമായി.
തുടർന്നാണ് പൊലീസ് ഇരുവരെയും കസ്റ്റടിയിലെടുത്തത്.