NEWS

പശ്ചാത്തല സംഗീതം സിനിമയെ അതീവഹൃദ്യമാക്കും, ജോൺസൺ മാസ്റ്റർ മുതൽ ഗോപി സുന്ദർ വരെ

പ്രേക്ഷകർക്ക് അനുഭവേദ്യമാകുന്ന പശ്ചാത്തല സംഗീതമൊരുക്കുന്ന നിരവധി പ്രതിഭകൾ മലയാള സിനിമയിലുണ്ട്. ജോൺസൺ മാസ്റ്റർ, ശ്യാം, എസ്‌.പി വെങ്കിടേഷ്, മോഹൻ സിതാര, ഔസേപ്പച്ചൻ തുടങ്ങിയ സംഗീതപ്രതിഭകളുടെ സംഭാവന സിനിമകളെ എത്രമാത്രം ആസ്വാദ്യകരമാക്കി എന്ന് വിലയിരുത്തുകയാണ് ലേഖകൻ

ലയാള സിനിമയിൽ മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷക മനസ്സിൽ പതിയുന്നതിൽ പശ്ചാത്തല സംഗീതത്തിന് വലിയ പ്രാധാന്യമാള്ളത്.
അത്തരം പ്രതിഭകളിൽ പ്രഥമഗണനീയനാണ് ജോൺസൺ മാസ്റ്റർ. ‘മണിച്ചിത്രത്താഴി’ലെ ഒരോ രംഗവും ഇത്രയും മിഴിവുറ്റതായതിൽ ജോൺസൺ മാസ്റ്ററുടെ സംഭാവന വിലമതിക്കാനാകാത്തതാണ്. അമരം, താഴ് വാരം, ചാട്ട, ഓർമ്മയ്ക്കായി തുടങ്ങിയ ഭരതൻ ചിത്രങ്ങളിലും, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, ഞാൻ ഗന്ധർവ്വൻ, തൂവാനത്തുമ്പികൾ തുടങ്ങിയ പദ്മരാജൻ ചിത്രങ്ങളിലും, കിരീടം, സദയം, ഭരതം, കമലദളം, ദശരഥം പോലുള്ള സിബി മലയിൽ ചിത്രങ്ങളിലും അഭിമന്യൂ, ആര്യൻ, ചിത്രം തുടങ്ങിയ പ്രിയദർശൻ ചിത്രങ്ങളിലും, സത്യൻ അന്തിക്കാട് ചിത്രങ്ങളിലുമെല്ലാം ജോൺസൺ മാസ്റ്ററുടെ പ്രതിഭ തെളിയിക്കുന്ന പശ്ചാത്തല സംഗീതം നമുക്ക് അനുഭവേദ്യമാകുന്നു.
ഇതിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ജോൺസൺ സ്വയം തിരഞ്ഞടുത്തത് ‘സദയ’മാണ്.
കെ. മധുവിന്റെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പ് സീരീസിലെ എല്ലാ ചിത്രങ്ങളും, ഇരുപതാം നൂറ്റാണ്ടും, ഐ വി ശശി ചിത്രങ്ങൾ, നാടോടിക്കാറ്റ്, പട്ടണപ്രവേശം തുടങ്ങിയ സത്യൻ അന്തിക്കാട് ചിത്രങ്ങൾ ഇവയിലൂടെ ശ്യാം ഒരുക്കിയ ഗംഭീര ബി.ജി.എം പ്രേക്ഷകർക്ക് മറക്കാനാകുമോ…?

Signature-ad


മിഥുനം എന്ന ഒറ്റ ചിത്രം മാത്രം മതി പശ്ചാത്തല സംഗീതത്തിൽ എസ്‌.പി വെങ്കിടേഷിന്റെ പ്രതിഭയറിയാൻ. കിലുക്കം, തേൻമാവിൻ കൊമ്പത്ത് പോലുള്ള പല പ്രിയദർശൻ ചിത്രങ്ങളുടെ വിജയഘടകങ്ങളിൽ എസ്‌ പി യുടെ പശ്ചാത്തല സംഗീതം കൂടിയുണ്ട്. തമ്പി കണ്ണന്താനത്തിന്റെ എല്ലാ സിനിമകളിലുംപശ്ചാത്തല സംഗീതം ഒരുക്കിയത് എസ്‌ പി വെങ്കിടേഷ് ആണ്. മലയാളത്തിലെ ഹിറ്റായിട്ടുള്ള ഒട്ടുമിക്ക ആക്ഷൻ ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എസ്‌ പി വെങ്കിടേഷ് ആണ്.

ചാണക്യനിലും, ഹിസ് ഹൈനസ് അബ്ദുള്ളയിലും മികച്ച ബാക്ക് ഗ്രൗണ്ട് സ്കോർ തീർത്ത മോഹൻ സിതാര, കമ്മീഷണർ, ആറാം തമ്പുരാൻ തുടങ്ങിയ ഷാജി കൈലാസ് ആക്ഷൻ ചിത്രങ്ങളിലൂടെ കിടിലൻ പശ്ചാത്തല സംഗീതമൊരുക്കിയ രാജാമണി ഇവരൊക്കെ നമ്മുടെ സിനിമകളെ ആസ്വാദ്യകരമാക്കിയ പശ്ചാത്തലസംഗീത മേഖലയിലെ പ്രതിഭാധനന്മാരാണ്.
‘ആകാശദൂതി’ലെ ഔസേപ്പച്ചന്റെ പശ്ചാത്തല സംഗീതം ആ സിനിമയുടെ വിജയഘടകങ്ങളിൽ ഒന്നായിരുന്നു, കൂടാതെ :ഉദയനാണ് താരം’ വീണ്ടും കാണുമ്പോൾ നമുക്ക് നൽകുന്ന ഫ്രഷ്‌നെസിനൊരു കാരണം അതിലെ ഔസേപ്പച്ചന്റെ ക്‌ളാസിക് പശ്ചാത്തല സംഗീതം കൂടിയാണ്. പാട്ടിന് ഈണം നൽകുന്നതും ഓരോ സീനിനും ഈണം നൽകുന്നതും രണ്ടും രണ്ട് കഴിവ് തന്നെയാണ്. പുത്തൻ സിനിമാ സമ്പ്രദായത്തിൽ കൂടുതൽ സാങ്കേതിക മേഖലകൾ പ്രയോജനപ്പെടുത്തി ഈ മേഖലയിൽ ശ്രദ്ധേയരായവരാണ് ഗോപി സുന്ദർ,ബിജിബാൽ,സുഷിൻ ശ്യാം എന്നിവർ.

ജയൻ മൺറോ

Back to top button
error: