പാമ്പാടിയിലെ അമൃതയേയും അഖിലയേയും തിരുവനന്തപുരത്ത് കണ്ടെത്തി
പെൺകുട്ടികളെ കാണാതായതിനു പിന്നാലെ രണ്ട് ചെറുപ്പക്കാരെയും കാണാനില്ല എന്ന പരാതി ഉയർന്നു. ഇവർക്കൊപ്പമായിരിക്കും ഈ പെൺകുട്ടികൾ പോയതെന്ന സംശയം പോലീസിന് ബലപ്പെട്ടു. ഒടുവിൽ തമ്പാനൂരിലെ സി.കെ ലോഡ്ജിൽ നിന്ന് ഒളശ സ്വദേശി ജിബിൻ സ്കറിയ കോത്തല സ്വദേശി വിശാൽ എന്നിവർക്കൊപ്പം പെൺകുട്ടികളെ പിടികൂടി
കോട്ടയം: പാമ്പാടിക്കടുത്ത് കോത്തലയിൽ നിന്നു കാണാതായ വിദ്യാർഥിനികളായ സഹോദരിമാരെ തിരുവനന്തപുരത്ത് കണ്ടെത്തി.
കോത്തല ഇല്ലിക്കമലയിൽ സുരേഷിൻ്റെ മക്കളായ അമൃത(17), അഖില(16) എന്നിവരെയാണ് തമ്പാനൂരിലെ ലോഡ്ജിൽ നിന്നും കണ്ടെത്തിയത്.
തമ്പാനൂരിലെ സി.കെ ലോഡ്ജിൽ ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒളശ സ്വദേശി ജിബിൻ സ്കറിയ പെൺകുട്ടികളുടെ നാട്ടുകാരനായ വിശാൽ എന്നിവരെയും പിടികൂടി. ഇന്നലെ ഉച്ചയോടു കൂടിയാണ് വിദ്യാർഥികളെ കാണാനില്ല എന്ന പരാതി ഉയർന്നത്. ജോലികഴിഞ്ഞ് അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോൾ കുട്ടികൾ വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് അയൽവാസികളോട് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രക്ഷിതാക്കൾ ഇതേ തുടർന്നാണ് പാമ്പാടി പോലീസിൽ പരാതി നൽകിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് കുട്ടികൾ നാഗമ്പടം റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിൽ കണ്ടെത്തി. അതേ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ തിരുവനന്തപുരത്ത് ഉണ്ടെന്ന് മനസ്സിലായത്. കുട്ടികളുടെ ചിത്രങ്ങൾ പാമ്പാടി പോലീസ് സമൂഹമാധ്യമങ്ങളിലൂടെ പ്രദർശിപ്പിച്ചിരുന്നു.
തമ്പാനൂരിൽ അന്വേഷണം നടത്തിയ പോലീസിന് ഇവർ ലോഡ്ജിൽ താമസിക്കുന്നുണ്ട് എന്ന വിവരം ലഭിച്ചു. തുടർന്ന് പരിശോധിച്ചപ്പോഴാണ് സഹോദരിമാർക്കൊപ്പം രണ്ടു യുവാക്കളെയും കണ്ടത്.
പെൺകുട്ടികളെ കാണാതായതിനു പിന്നാലെ രണ്ട് ചെറുപ്പക്കാരെയും കാണാനില്ല എന്ന പരാതി ഉയർന്നിരുന്നു. ഇവർക്കൊപ്പമായിരിക്കും ഈ പെൺകുട്ടികൾ പോയതെന്ന സംശയം പോലീസിന് ബലപ്പെട്ടു. ചെറുപ്പക്കാരുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചും അന്വേഷണം നടന്നു.
ലോഡ്ജിൽ നിന്നു പിടികൂടിയ ഇവരെ തമ്പാന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം നടത്തുന്ന പാമ്പാടി പോലീസ് തിരുവനന്തപുരത്തേക്ക് എത്തിയിട്ടുണ്ട് പെൺകുട്ടികളെ ഏറ്റുവാങ്ങി കോട്ടയത്ത് എത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.