റോഡ് സൈഡിൽ വസ്തുവുള്ളവർ ഇന്ന് ജീവിക്കാൻ ബുദ്ധിമുട്ടുകയാണ് കേരളത്തിൽ.ഒരുസൈഡിൽ മോഷണം.പറമ്പുകളിൽ കഷ്ടപ്പെട്ട് നട്ടുപരിപാലിച്ച കാർഷിക വിളകൾ ഒന്നും തന്നെ ലഭിക്കുകയില്ല.മറ്റൊന്നാണ് വലിച്ചെറിയുന്ന മദ്യക്കുപ്പികൾ കൊണ്ടുള്ള ശല്യം.ചാക്കുകണക്കിന് പെറുക്കിയാലും തീരാത്ത അവസ്ഥ.ഇരുട്ടിന്റെ മറവിൽ വാഹനങ്ങളിൽ ഇരുന്നും മറ്റും മദ്യപിച്ചിട്ട് ഒഴിഞ്ഞ വെള്ളക്കുപ്പികളും മദ്യക്കുപ്പികളും റോഡ്സൈഡുകളിലെ പറമ്പുകളിലേക്ക് വലിച്ചെറിഞ്ഞിട്ടു പോകുന്നതാണ് ഭൂവുടമകൾക്ക് ശല്യമായി മാറുന്നത്.
പ്ലാസ്റ്റിക് കുപ്പികളാണ് ഇത്തരത്തിൽ ഏറെയും.പൊട്ടുന്ന ബിയർ കുപ്പികളും കുറവല്ല.ഒപ്പം തന്നെ ‘ടച്ചിംഗ്സിന്റെ’ അവശിഷ്ടങ്ങളും.ഇത് കാട്ടുപന്നികളെയും കുറുനരികളെയുമൊക്കെ ക്ഷണിച്ചും വരുത്തുന്നു.ഉടമകൾ അടുത്ത് താമസമില്ലാത്ത പറമ്പുകളിലാണ് ഇത്തരം ശല്യങ്ങൾ ഏറെയും.കുന്നുകൂടുന്ന പ്ലാസ്റ്റിക് കൂമ്പാരം കൃഷികളെയും ബാധിക്കുന്നു.ഉയരത്തിൽ മതിൽ കെട്ടിയാലും മദ്യപിക്കാത്ത കുപ്പികൾ വായുവിൽ വഴിപിഴയ്ക്കാതെ കൃത്യമായി പറമ്പുകളിൽ എത്തിച്ചേരും.നേരത്തെ പാൽ കച്ചവടക്കാർ ഇത് പെറുക്കി കൊണ്ട് പോകുമായിരുന്നു.ഇന്ന് അവർക്കും പ്ലാസ്റ്റിക് കുപ്പികൾ വേണ്ട.ഒരുസൈഡിൽ കാട്ടുപന്നി മറുസൈഡിൽ കള്ളുകുടിയൻമാർ.വഴിയോരങ്ങളിൽ വസ്തുവുള്ളവർ ഇന്നാകെ ധർമ്മസങ്കടത്തിലാണ് കേരളത്തിൽ.അല്ലെങ്കിൽ അവരെന്നും ‘എയറിൽ’ തന്നെയാണ്.ഒന്നു താഴാൻ അവസരം ലഭിക്കാതെ…
വന്‍തോതില്‍ മദ്യക്കുപ്പികള്‍ ഇങ്ങനെ തള്ളുന്നത് പരിസരവാസികള്‍ക്കും ദുരിതമാകുന്നുണ്ട്.ആടുമാടുകൾക്ക് പുല്ലുപോലും ചെത്തിയെടുക്കാൻ ഇതുമൂലം സാധിക്കുന്നില്ല.വലിച്ചെറിയുന്ന ബിയർ കുപ്പികള്‍ ബഹുഭൂരിഭാഗവും പൊട്ടുന്നതിനാല്‍ പറമ്പുകളില്‍ നടക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് ഉള്ളത്.