Breaking NewsCrimeIndiaKeralaLead NewsNEWS

‘മൈസൂരുവില്‍ നിന്ന് ബത്തേരിയിലേക്ക് രാത്രി കാറില്‍ വരുന്നതിനിടെ ഒരു സംഘം തട്ടിക്കൊണ്ടുപോയി, മൊബൈല്‍ ഫോണും എ.ടി.എം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും കൈക്കലാക്കി, മർദ്ദിച്ചവശനാക്കി വഴിയരികിൽ തള്ളിയിട്ടു‘- പരാതിയുമായി യുവാവ്

സുല്‍ത്താന്‍ ബത്തേരി: മൈസൂരുവില്‍ നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ മലയാളി യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. സുല്‍ത്താന്‍ബത്തേരി കാരക്കണ്ടി സ്വദേശി പാലത്തി വീട്ടില്‍ ആസിഫ് (42) ആണ് കര്‍ണാടകയിലെ ബേഗൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. മൈസൂരുവിലെ സ്വകാര്യ ട്രാന്‍സ്പോര്‍ട്ട് കമ്പനിയില്‍ ജോലി ചെയ്യുന്ന ആസിഫ് സുല്‍ത്താന്‍ബത്തേരിയിലേക്ക് മടങ്ങുന്നതിനിടെ നഞ്ചന്‍ഗോഡിനും ബേഗൂരിനും ഇടയിലുള്ള ഇരിക്കാട്ടി ഭാഗത്ത് വെച്ചാണ് ആക്രമണം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

Signature-ad

മറ്റൊരു കാറിലെത്തിയ നാലംഗസംഘം വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ച ശേഷം തട്ടിക്കൊണ്ടുപോയെന്നാണ് ആസിഫിന്റെ മൊഴി. തുടര്‍ന്ന് നാല് മണിക്കൂറോളം ഇയാളെ സ്വന്തം കാറിലും സംഘത്തിന്റെ വാഹനത്തിലുമായി വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി മര്‍ദിച്ചുവെന്നും പറയുന്നു. പണം ആവശ്യപ്പെട്ടായിരുന്നു ആക്രമണമെന്നാണ് വിവരം.

കാറില്‍ പണം ഉണ്ടെന്ന സംശയത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നും ലഭിക്കാതിരുന്നതോടെ ആസിഫിനെ ഉള്‍പ്രദേശത്ത് ഉപേക്ഷിച്ചെന്നാണ് പരാതി. സംഭവത്തിനിടെ മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നിവയും സംഘം കൈവശപ്പെടുത്തിയതായി ആസിഫ് അറിയിച്ചു.

പാതിരാത്രിയോടെ സംഘത്തില്‍നിന്ന് രക്ഷപ്പെട്ട ആസിഫ് ആദ്യം നഞ്ചന്‍ഗോഡ് പൊലീസ് സ്റ്റേഷനിലും പിന്നീട് സംഭവം നടന്ന ബേഗൂര്‍ സ്റ്റേഷന്‍ പരിധിയിലും പരാതി നല്‍കി. അന്നുതന്നെ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല.

കുഴല്‍പണം കടത്തുന്നതും തട്ടിയെടുക്കുന്നതുമായ സംഘമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നാണ് ആസിഫിന്റെ സംശയം. പ്രതികളെ ഉടന്‍ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

Back to top button
error: