Breaking NewsKeralaLead NewsNEWS

‘രാഷ്ട്രീയ പീഡനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റു, അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകരാറിലായി, തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്, ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളർത്തി… ഇവരല്ലാം എന്റെ കുഞ്ഞനുജത്തിമാർ, അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം പൊറുക്കണം’…

തിരുവനന്തപുരം: ആലിംഗന വിവാദത്തിൽ വിശദീകരണ കുറിപ്പുമായി ചെറിയാൻ ഫിലിപ്പ്. വിജയലഹരിയിൽ പരിസരബോധം മറന്നെന്നും ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത് അതുകൊണ്ടാണെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. തൻറെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നും ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തിയെന്നും ചെറിയാൻ ഫിലിപ്പ് കുറിപ്പിൽ പറയുന്നു.

അതേസമയം കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നതിനിടെ ഇന്ദിരാഭവനിലേക്കെത്തിയെ എംഎൽഎമാരെയെല്ലാം ആലിം​ഗനം ചെയ്യാൻ ശ്രമിച്ചതാണ് വിവാദമായത്. വനിതാ എംഎൽഎമാരെയടക്കം കെട്ടിപ്പിടിക്കുന്ന ചെറിയാൻ ഫിലിപ്പിന്റെ നടപടി വ്യാപക വിമർശനത്തിനിടയാക്കിയിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ‌ വൈറലായി. കൊല്ലം എംഎൽഎയും മന്ത്രിയുമായ ബിന്ദു കൃഷ്ണയെ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതും ബിന്ദു കൃഷ്ണ ഒഴിഞ്ഞുമാറുന്നതുമായ വീഡിയോയാണ് പ്രചരിച്ചത്.

Signature-ad

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എൻ്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം. പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എൻറെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും , തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എൻറെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു.

അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു.

Back to top button
error: