Breaking NewsCrimeIndiaKeralaLead NewsNEWS

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനി ബലാത്സം​ഗത്തിനിരയായി, വയനാട് സ്വദേശിക്കെതിരെ കേസ്, പെൺകുട്ടിയേയും സുഹൃത്തുക്കളേയും പ്രതിയും ​ഗുണ്ടകളും ചേർന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, റൂമിൽ കയറി മർദിച്ചു- പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ പെൺകുട്ടിയെ വയനാട് സ്വദേശി ബലാത്സംഗം ചെയ്‌തതായി പരാതി. ബെംഗളൂരുവിൽ വിദ്യാർഥിനിയായ 20-കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെതിരേ പോലീസ് കേസെടുത്തു.

മേയ് 12-നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് പെൺകുട്ടി പീഡനത്തിനിരയായത്. ബെംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. കഫേയ്ക്ക് സമീപത്തെ താമസസ്ഥലത്ത് എത്തിയാണ് ഹൈനസ് പെൺകുട്ടിയെ പീഡിപ്പിച്ചത്. അന്നേദിവസം സുഖമില്ലാതെ താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഇതിനിടെ ഹൈനസ് അവിടെയെത്തി. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്താണ് ഇയാൾ മുറിയിൽ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തതെന്നും പെൺകുട്ടി പറഞ്ഞു.

Signature-ad

സംഭവം നടന്നതിന്റെ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്‌റ്റേഷനിലെത്തി പെൺകുട്ടി പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥർ പരാതി നൽകരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെൺകുട്ടി ആരോപിച്ചു.

അതേസമയം പെൺകുട്ടിയുടെ സുഹൃത്തുക്കൾ മഡിവാളയിൽ കഫേ ആരംഭിച്ചപ്പോൾ ഇതിനുവേണ്ട സ്ഥലം കണ്ടെത്തി നൽകിയതും മറ്റുസഹായങ്ങൾ നൽകിയതും ഹൈനസ് ആയിരുന്നു. എന്നാൽ, കഫേ നഷ്ടത്തിലായതോടെ ഇത് വിൽക്കാൻ തീരുമാനിച്ചു. ഇതിനായി ഹൈനസിന്റെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനായാണ് മേയ് 12-ന് ഹൈനസ് താമസസ്ഥലത്ത് എത്തിയതെന്നാണ് പറയുന്നത്.

”മഡിവാള പോലീസിൽ ആദ്യം പരാതി കൊടുക്കാൻ പോയിട്ടും പോലീസുകാരിൽനിന്ന് തനിക്ക് ഒരു പിന്തുണയും സഹായവും കിട്ടിയില്ല. മൊഴിയെടുക്കാൻ വനിതാ പോലീസിനെ പോലും നൽകിയില്ല. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും തയ്യാറായില്ല. ‘വിർജിൻ’ ആണോ എന്നൊക്കെ ചോദിച്ച് വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തിലാണ് പോലീസ് സംസാരിച്ചത്. അരുൺ എന്ന പോലീസ് ഓഫീസറാണ് ഇങ്ങനെയൊക്കെ പറഞ്ഞത്. വൈദ്യപരിശോധന നടത്താൻ കഴിയില്ലെന്നും പറഞ്ഞു’- പെൺകുട്ടി പറഞ്ഞു.

മാത്രമല്ല പോലീസ് സ്‌റ്റേഷനിൽവെച്ചും പിന്നീട് താമസസ്ഥലത്ത് എത്തിയും ഹൈനസും ഗുണ്ടകളും ഭീഷണിപ്പെടുത്തിയതായും പെൺകുട്ടികളും സുഹൃത്തുക്കളും ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇവർ പുറത്തുവിട്ടിട്ടുണ്ട്. മേയ് 13-ന് രാവിലെ പരാതി നൽകാനായി മഡിവാള സ്റ്റേഷനിലെത്തിയിട്ട് രാത്രി 12 മണിവരെ അവിടെ നിർത്തി. ഇതിനിടെ ഹൈനസ് ഒരു ഗുണ്ടാ നേതാവിനൊപ്പം സ്റ്റേഷനിലെത്തി. പരാതിയുമായി മുന്നോട്ടുപോയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. പോലീസും പരാതി നൽകേണ്ടെന്നാണ് പറഞ്ഞത്. കേസുമായി മുന്നോട്ടുപോയാൽ അവർ കൊല്ലുമെന്നും പറഞ്ഞു. തുടർന്ന് പരാതി ഇല്ലെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിച്ചെന്നും പെൺകുട്ടികളും സുഹൃത്തുക്കളും പറഞ്ഞു.

പിന്നാലെ ഹൈനസ് താമസസ്ഥലത്ത് എത്തി വീണ്ടും ഭീഷണിപ്പെടുത്തി. ഗുണ്ടകളുമായെത്തിയ ഇയാൾ ആക്രമിച്ച് പരുക്കേൽപ്പിച്ചു. ഇയാളെ ഭയന്ന് നിലവിൽ ഒളിച്ചുകഴിയേണ്ട സ്ഥിതിയാണെന്നും പരാതിക്കാരിയും സുഹൃത്തുക്കളും പറയുന്നു. മഡിവാള പോലീസ് കേസെടുക്കാൻ തയ്യാറാകാതിരുന്നതോടെ പെൺകുട്ടിയും സുഹൃത്തുക്കളും മേയ് 18-ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ഡിസിപിയുടെ നിർദേശപ്രകാരമാണ് മേയ് 18-ന് സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർചെയ്തത്. എന്നാൽ, ഹൈനസിനെ ഇതുവരെ പിടികൂടിയിട്ടില്ല.

Back to top button
error: