Breaking NewsKeralaNEWS

മുപ്പതിന്റെ നിറവിൽ ചാവറ മാട്രിമോണി; കരുതലായി ‘ചാവറ കെയർ’ പദ്ധതിക്കും തുടക്കം

കൊച്ചി: വിശ്വാസ്യതയുടെയും പാരമ്പര്യത്തിന്റെയും മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന ചാവറ മാട്രിമോണിയുടെ മുപ്പതാം വാർഷികാഘോഷങ്ങൾ എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്നു. പ്രശസ്ത സിനിമാ താരം ഷീല ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. മുപ്പത് വർഷം മുൻപ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ച കാലത്തെ ഓർമ്മകൾ പങ്കുവെച്ച താരം, മലയാളികളുടെ കുടുംബ ജീവിതത്തിൽ ചാവറ മാട്രിമോണി ചെലുത്തുന്ന സ്വാധീനത്തെ അഭിനന്ദിച്ചു.

സി.എം.ഐ സഭ പ്രിയോർ ജനറൽ റവ. ഡോ. പോൾ അച്ചാണ്ടി സി.എം.ഐ മുഖ്യാതിഥിയായി. ചടങ്ങിൽ സഫാരി ടി.വി മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര വിശിഷ്ടാതിഥിയായി. ചാവറ മാട്രിമോണിയുടെ മുപ്പതാം വർഷത്തിൻ്റെ ഭാഗമായ ലോഗോ പ്രകാശനവും അതിനോടൊപ്പം തന്നെ സി – ടോക്ക് എന്ന പരിപാടിയുടെ പോഡ് കാസ്റ്റ് ലോഗോയുടെ പ്രകാശനവും ഇതോടൊപ്പം നടന്നു.

Signature-ad

മുപ്പതാം വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ ടെലിവിഷൻ പരസ്യം ‘ഹൃദയങ്ങൾ ഒന്നായ മുപ്പത് വർഷങ്ങൾ’ പരിപാടിയിൽ പുറത്തിറക്കി. നടനും പരസ്യ സംവിധായകനുമായ സിജോയ് വർഗീസ്, മോട്ടിവേഷണൽ സ്പീക്കർ ജോസഫ് അന്നംകുട്ടി ജോസ്,കോർപ്പറേഷൻ കൗൺസിലർ K.V.P കൃഷ്ണകുമാർ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു.

വാർഷികാഘോഷങ്ങളുടെ ഭാഗമായി ‘ചാവറ കെയർ’ എന്ന പേരിൽ പുതിയ സി.എസ്.ആർ (CSR) പദ്ധതിക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സെന്റ് ജോസഫ് യു.പി സ്കൂളിന് കമ്പ്യൂട്ടറുകളും ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും നൽകി. ഹൃദയസംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നവർക്കായി കാർഡിയാക് ടേബിളും വിതരണം ചെയ്തു.

ചാവറ മാട്രിമോണി ചെയർമാൻ റവ. ഫാ. ബിനോയ് എലവുങ്കൽ സി.എം.ഐ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സ്വാഗതവും അസി.ഡയറക്ടർ ഫാ.എമിൽ സെബാസ്റ്റ്യൻ പുള്ളിക്കാട്ടിൽ CMI നന്ദിയും പറഞ്ഞു. ചാവറ മാട്രിമോണി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ സി. എബ്രഹാം ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: