ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം; ധനകാര്യ വകുപ്പ് നൽകിയേക്കും; രമേശിന്റെ മനസ്സിൽ എന്ത്?

തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനത്തിനു പിന്നാലെ മന്ത്രി സഭാരൂപീകരണത്തിനായുള്ള നിർണ്ണായകനീക്കങ്ങൾ നടക്കുകയാണ്. പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ.
ആഭ്യന്തര, വിജിലൻസ് വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ളത് മുഖ്യമന്ത്രിയാണ്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മാറ്റം ഉണ്ടാകുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നു.
അതേസമയം, മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തലസ്ഥനത്തെത്തി. മന്ത്രിസഭയിലുണ്ടാകുമോ എന്നുള്ള ചോദ്യത്തിന് രമേശ് ചെന്നിത്തല ഇപ്പോഴും അദ്ദേഹം മൗനം തുടരുകയാണ്. ഗുരുവായൂരിൽ മാധ്യമപ്രവർത്തകരോട് ആവശ്യമായ എല്ലാ കാര്യങ്ങളും വിശദീകരിച്ചിട്ടുണ്ടെന്നും അതിനപ്പുറം പുതിയതായി ഒന്നും പറയാനില്ലെന്നുമാണ് അദ്ദേഹം തിരുവനന്തപുരത്തെത്തിയപ്പോൾ പറഞ്ഞത്.
ഗുരുവായൂരിൽ നിന്നും വീട്ടിലെത്തി അധിക സമയം കഴിയും മുമ്പ് സ്വകാര്യ സന്ദർശനമെന്ന് പറഞ്ഞ് ചെന്നിത്തല വീട്ടിൽ നിന്ന് പുറത്തേക്ക് പോയി. ചെന്നിത്തലയെ കാണാൻ വി.ഡി സതീശനെത്തുമെന്ന വിവരങ്ങളുണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹം വീട്ടിൽ നിന്ന് മാറിയത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ മനസ്സിലെന്താണെന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്.





