ജ്യോത്സ്യനെ മുഖ്യമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവായി നിയമിച്ച നടപടി; വിജയ്ക്ക് എതിരെ പ്രതിഷേധം ഉയരുന്നു; ഹർജി നാളെ പരിഗണിക്കുമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ അധികാരമേറ്റതിനു പിന്നാലെ വിജയ് വിവാദത്തിൽ. ടി.വി.കെ. അധികാരത്തിൽ വരുമെന്ന് പ്രവചിച്ച ജ്യോത്സ്യൻ രാധൻ പണ്ഡിറ്റ് വെട്രിവേലിന് സർക്കാർനിയമനം നൽകിയ വിജയ്‌യുടെ നടപടിയിൽ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്. ടിവികെ വക്താവ് കൂടിയായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (OSD) ആയാണ് വിജയ് നിയമിച്ചത്. ജ്യോതിഷിക്ക് സർക്കാർ പദവിയിൽ നിയമനം നൽകിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി നാളെ പരിഗണിക്കും.
“ഈ നിയമനത്തിലൂടെ നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്? അദ്ദേഹം നിങ്ങളുടെ ജ്യോതിഷിയാണെങ്കിൽ, അദ്ദേഹത്തെ നിങ്ങളുടെ വ്യക്തിജീവിതത്തിൽ നിലനിർത്തുക”- ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത് പറഞ്ഞു. അതേസമയം മദ്യശാലകൾ അടയ്ക്കുകയും സ്ത്രീ സുരക്ഷയ്ക്കായി ടാസ്ക് ഫോഴ്സ് പ്രഖ്യാപിക്കുകയും ചെയ്ത നടപടികളെ അവർ സ്വാഗതം ചെയ്തു. ഡിഎംകെ സഖ്യകക്ഷികളായ എംജികെ, കെഎംഡികെ എന്നിവരും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി ജ്യോത്സ്യൻ രാധൻ പണ്ഡിറ്റിനെ നിയമിച്ചത് എതിർത്തു.
എന്നാൽ ജ്യോതിഷിയെ ഉപദേഷ്ടാവായി നിയമിക്കുന്നത് വിജയ്‌യുടെ ഇഷ്ടമാണെന്നാണ് ബിജെപി നേതാവ് വിനോദ് സെൽവം പ്രതികരിച്ചത്. “ഒരു നടന് മുഖ്യമന്ത്രിയാകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് ഒരു ജ്യോതിഷിക്ക് ഉപദേഷ്ടാവാകാൻ കഴിയില്ല? – അദ്ദേഹം ചോദിച്ചു.
അതേസമയം വിഷയത്തിൽ കടുത്ത വിമർശനമാണ് സഖ്യകക്ഷികളടക്കം ഉയർത്തിയത്. സി.പി.എം, കോൺഗ്രസ്, വി.സി.കെ. ഉൾപ്പെടെ ടി.വി.കെ. സർക്കാരിന് പിന്തുണനൽകുന്ന പാർട്ടികളിൽനിന്നു തന്നെയാണ് വിമർശനം ഉയർന്നിരിക്കുന്നത്.






