Breaking NewsKeralaLead NewsNEWS

‘ഇപ്പോൾ ആഹ്ലാദമില്ല, ആരവമില്ല, പകരം ‘എന്തായി’ എന്നൊരു ചോദ്യം മാത്രം… വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം…എംഎൽഎയോ, മന്ത്രിയോ ഒന്നും ആകാൻ സ്വപ്നം കാണാത്ത പതിനായിരങ്ങളെ പൊരി വെയിലിൽ നിറുത്തിയുള്ള ഈ പകിട കളി ഇനിയെങ്കിലും അവസാനിപ്പിക്കൂ- മുഖ്യമന്ത്രി ചർച്ചയിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ്

പാലക്കാട്: മുഖ്യമന്ത്രി ചർച്ച നീണ്ടുപോകുന്നതിൽ അതൃപ്തി പരസ്യമാക്കി മുസ്‌ലിം ലീഗ് നേതാക്കൾ രം​ഗത്ത്. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കോൺഗ്രസിലെ തർക്കം യുഡിഎഫ് വിജയത്തിന്റെ ആഹ്ലാദം ഇല്ലാതാക്കിയെന്ന് പാലക്കാട്ടെ മുസ്‌ലിം ലീഗ് നേതാക്കൾ വിമർശിച്ചു. രാവും പകലും ഇല്ലാതെ പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരോട് കോൺഗ്രസ് നന്ദികേട് കാണിക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എ സമദ് ഫേസ്ബുക്കിൽ കുറിച്ചു.

പ്രവർത്തകരെ പൊരിവെയിലത്ത് നിർത്തിയുള്ള പകിടകളി കോൺഗ്രസ് അവസാനിപ്പിക്കണമെന്നും എംഎ സമദ് പറഞ്ഞു. ‘എന്തായി…? നാലാൾ കൂടുന്നിടത്തൊക്കെ ചോദ്യം ഇതാണ്. കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു. വോട്ടെണ്ണി വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു. 140 എംഎൽഎമാരെ ജനങ്ങൾ തെരെഞ്ഞെടുത്തു. എന്നിട്ടും ഒരു മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഇതുവരെയും കഴിഞ്ഞില്ല. ടീം യുഡിഎഫിൽ എംഎൽഎമാരായി വന്നവരൊക്കെ അവരവരുടെ പാർട്ടിക്കാരുടെ വോട്ട് കൊണ്ട് മാത്രമാണോ വിജയിച്ചത്? അവർക്ക് വേണ്ടി പ്രവർത്തിച്ചവരിൽ എല്ലാ ഘടക കക്ഷികളിൽ പെട്ടവരുമുണ്ട്. ജയിച്ച് ഭൂരിപക്ഷം കിട്ടിയാൽ പിന്നെ ഞങ്ങള് മതി എന്നാണെങ്കിൽ അതിനാരെയും കുറ്റപ്പെടുത്താനുമില്ല. അതൊക്കെ അവരവരുടെ അന്തസ്സ് പോലിരിക്കും’, സമദ് പറഞ്ഞു.

Signature-ad

അതുപോലെ കേരളീയർക്ക് അവരുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്നൊക്കെ പറയുവാനുള്ള അവകാശമുണ്ടെന്നും അത് പോലെ നടക്കുമോ ഇല്ലയോ എന്നൊക്കെ വേറെ കാര്യമാണ്. പത്ത് വർഷത്തെ ഇടത് ഭരണം, അതിനെതിരെയുള്ള പോരാട്ടങ്ങൾ, വർധിത വീര്യത്തോടെയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ, പ്രതിപക്ഷ നേതാവിന്റെയും ഉപ നേതാവിന്റെയും നേതൃത്വം. മികച്ച വിജയം, ഇടത് കുത്തക മണ്ഡലങ്ങളിൽ വരെ മിന്നും ജയം. പ്രവർത്തകരും നാട്ടുകാരും വലിയ ആഹ്ലാദത്തിലാണെന്നും എല്ലാം നശിപ്പിച്ചെന്നും സമദ് കൂട്ടിച്ചേർത്തു.

‘ഇപ്പോൾ ആഹ്ലാദമില്ല, ആരവമില്ല, പകരം ‘എന്തായി’ എന്നൊരു ചോദ്യം മാത്രം. വെറുതെ നാട്ടുകാരെ കൊണ്ട് പറയിക്കാനായി മാത്രമുള്ള ഒരുമാതിരി വൃത്തികേടായി പോയി ഇതെല്ലാം. തെരഞ്ഞെടുപ്പിൽ മറ്റൊന്നും സ്വപ്നം കാണാതെ രാവും പകലും മുന്നണിയുടെ വിജയത്തിന് വേണ്ടി കഷ്ടപ്പെട്ട പാവം പ്രവർത്തകരോട് കാണിക്കുന്ന നന്ദികേട് കൂടിയാണീ വൈകിപ്പിക്കൽ. എംഎൽഎയോ, മന്ത്രിയോ ഒന്നും ആകാൻ സ്വപ്നം കാണാത്ത പതിനായിരങ്ങളെ പൊരി വെയിലിൽ നിറുത്തിയുള്ള ഈ പകിട കളി ഇനിയെങ്കിലും അവസാനിപ്പിക്കൂ’, സമദ് കൂട്ടിച്ചേർത്തു.

അതേസമയം മുസ്‌ലിം ലീഗ് സ്വന്തം നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് മുനീബ് ഹസൻ പ്രതികരിച്ചു. ലീഗ് സ്വന്തം നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കണമെന്നും ഇടതുപക്ഷത്തിന്റെയും യുഡിഎഫിലെ മറ്റ് ഘടകകക്ഷികളുടേയും പിന്തുണ തേടി സർക്കാർ രൂപീകരിക്കാൻ ലീഗ് തയ്യാറാകണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

‘കേരള രാഷ്ട്രീയം സമഗ്ര മാറ്റത്തിന് സമയമായി. ജനം നൽകിയ മാന്റേറ്റ് പരിഗണിക്കാൻ തയ്യാറല്ലാത്ത കോൺഗ്രസ് നിലപാടിന്റെ പശ്ചാത്തലത്തിൽ ലീഗ് സ്വന്തം നിലയ്ക്ക് മന്ത്രിസഭ രൂപീകരിക്കാൻ മുന്നോട്ട് വരണം, ഇടതുപക്ഷം ഉൾപ്പെടെയുള്ളവർ പുറത്തുനിന്നും പിന്തുണ നൽകണം. യുഡിഫിലെ മറ്റു ഘടക കക്ഷികളും സ്വാതന്ത്ര എംഎൽഎമാരും ലീഗിന് പിന്തുണ നൽകാൻ തയാറായാൽ കേരളം കണ്ട ഏറ്റവും മികച്ച ഭരണത്തിന് കളമൊരുങ്ങും’, അദ്ദേഹം പറഞ്ഞു.

പി കെ കുഞ്ഞാലികുട്ടി കേരളത്തിന്റെ മുഖ്യമന്ത്രി പദവി ഏറ്റെടുക്കട്ടെ എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ചൈനീസ് പഴമൊഴി പോലെ ഓരോ പ്രതിസന്ധിയും പുതിയ സാധ്യതകളുടെ വാതായനമാണെന്നും മുനീബ് ഹസൻ പ്രതികരിച്ചു. മുസ്ലിം ലീഗ് നേതൃത്വവും ഇടതു കക്ഷികളും ഇത്തരം ഒരു നീക്കത്തെകുറിച്ച് ഗൗരവമായി ആലോചിക്കണമെന്നാണ് തന്റെ അഭിപ്രായം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഓരോ കക്ഷിക്കും അവരവരുടെ നിലപാട് എന്ന എം എം ഹസൻ ജിയുടെ ഒക്കെ പ്രസ്താവനകൾ നാം ഉൾക്കൊണ്ട് രാഷ്ട്രീയ തീരുമാനം എടുക്കാൻ സമയം ആയിട്ടുണ്ടെന്നും പി എം മുനീബ് ഹസൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: