നാളെ നേതാക്കളെ ഡൽഹിക്ക് വിളിച്ചുവരുത്താനിരിക്കെ കെ സുധാകരന്റെ വീട്ടിൽ കെസി- കെഎസ് പക്ഷക്കാരുടെ രഹസ്യയോഗം, വിവരമറിഞ്ഞെത്തിയ മാധ്യമപ്രവർത്തകരെ കണ്ടതോടെ നേതാക്കൾ നൈസായി മുങ്ങി

കണ്ണൂർ: കണ്ണൂരിൽ കെ. സുധാകരന്റെ വീട്ടിൽ കെ.സി. വേണുഗോപാൽ – കെ.സുധാകരൻ അനുകൂലികളുടെ രഹസ്യ ഗ്രൂപ്പ് യോഗത്തിന് ശ്രമം. രഹസ്യയോഗം ചേരുന്ന വിവരമറിഞ്ഞ് മാധ്യമപ്രവർത്തകർ എത്തിയതോടെ ഗ്രൂപ്പ് യോഗം മാറ്റിവെച്ച് നേതാക്കൾ മുങ്ങി.
കെ. സുധാകരൻ അനുകൂലികളും ജില്ലയിലെ കെ.സി. വേണുഗോപാൽ അനുകൂലികളും ചേർന്ന യോഗമാണ് വിളിക്കാൻ ശ്രമിച്ചതെന്നാണ് അറിയുന്നത്. മുൻ ഡിസിസി ഭാരവാഹികൾ, കെപിസിസി ഭാരവാഹികൾ, കെഎസ് യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ഭാരവാഹികൾ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ ലഭിച്ചിരുന്ന വിവരം. നിശ്ചയിച്ച പ്രകാരം സുധാകരന്റെ വീട്ടിൽ നേതാക്കൾ എത്തുകയും ചെയ്തിരുന്നു. ഇതോടെ മാധ്യമപ്രവർത്തകരും സ്ഥലത്തെത്തി. ഇതോടെ യോഗം മാറ്റിവെച്ചു നേതാക്കൾ മുങ്ങുകയായിരുന്നു. ‘കെ. സുധാകരനെ കാണാൻ വേണ്ടി വന്നതാണ്. സാധാരണ രീതിയിൽ കാണാൻ വരുന്ന പോലെ കാണാൻ വന്നതാണ്’- എന്ന് യോഗത്തിനെത്തി മടങ്ങിയവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന പക്ഷക്കാരനാണ് കെ. സുധാകരൻ. നേരത്തെ ഇക്കാര്യം പറഞ്ഞ് ഫേയ്സ്ബുക്കിലടക്കം പരസ്യമായിത്തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ചയ്ക്കായി കെ. സുധാകരൻ അടക്കമുള്ള നേതാക്കളെ നാളെ വിളിച്ചുവരുത്തുന്നതിനിടെയാണ് തന്റെ വീട്ടിൽ വെച്ച് അനുയായികളുടെ യോഗം സുധാകരൻ വിളിച്ചു ചേർത്തത്.






