കാലത്തിനൊത്ത് നിയമസഭാ നടപടികളും മാറ്റത്തിന് വഴിമാറുന്നു; രാജ്യത്തെ ആദ്യ സമ്പൂർണ്ണ ഇ-നിയമസഭയാവുനുള്ള തയ്യാറെടുപ്പിൽ കേരളം

തിരുവനന്തപുരം: സാങ്കേതിക നവീകരണത്തിന്റെ പുതിയ അധ്യായത്തിലേക്ക് കടന്ന് കേരള നിയമസഭ. പുതിയ നിയമസഭാ കാലയളവോടെ സമ്പൂർണ ഇ-നിയമസഭ സംവിധാനത്തിലേക്കാണ് സഭയുടെ നീക്കം. എം.എൽ.എമാരുടെ പ്രവർത്തനങ്ങൾ മുതൽ സഭാനടപടികളുടെ മുഴുവൻ രേഖകളും ഡിജിറ്റലാക്കുന്ന പദ്ധതിക്ക് അന്തിമരൂപം ലഭിച്ചിരിക്കുകയാണ്.
ഇതിന്റെ ഭാഗമായി, സഭയിൽ സംസാരിക്കുന്ന അംഗത്തിന്റെ ശ്രദ്ധ നേടാൻ ഇനി കൈ ഉയർത്തിക്കാണിക്കേണ്ട സാഹചര്യം മാറും. അംഗങ്ങൾക്ക് സ്പീക്കറുമായി നേരിട്ട് ആശയവിനിമയം നടത്താൻ പ്രത്യേക മൊബൈൽ ആപ്പാണ് ഒരുക്കുന്നത്. ചോദ്യോത്തരവേള, ഹാജർ, റിപ്പോർട്ടുകൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, പ്രമേയങ്ങൾ, വോട്ടെടുപ്പ്, സഭാകലണ്ടർ തുടങ്ങി നിയമസഭാ പ്രവർത്തനങ്ങളിലെ പ്രധാന ഘടകങ്ങൾ എല്ലാം ഡിജിറ്റൽ പ്ലാറ്റ്ഫോമിലേയ്ക്ക് മാറും.
ഓരോ അംഗവും ഒരു സമ്മേളനത്തിൽ എത്ര സമയം സഭയിൽ പങ്കെടുത്തു, ഹാജർ നില എന്തായിരുന്നു തുടങ്ങിയ വിവരങ്ങളും ഇ-സഭ സംവിധാനത്തിൽ ലഭ്യമാകും. പുതിയ അംഗങ്ങൾക്കായി പ്രത്യേക പരിശീലനവും നൽകും. രാജ്യത്ത് സമ്പൂർണ ഇ-നിയമസഭ സംവിധാനം നടപ്പാക്കുന്ന ആദ്യ നിയമസഭയായി കേരളം മാറാനാണ് ലക്ഷ്യം.
ആറുവർഷം മുമ്പ് യു.എൽ.സി.സി.യുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതി പിന്നീട് നിലച്ചിരുന്നെങ്കിലും, ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിന്റെ നേതൃത്വത്തിൽ സോഫ്റ്റ്വെയർ പുനഃസംഘടിപ്പിച്ചു. ഏകദേശം എട്ടായിരത്തിലധികം ഫീച്ചറുകൾ ഉൾപ്പെടുത്തിയ പുതിയ ഇ-നിയമസഭ സോഫ്റ്റ്വെയറാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്.
മന്ത്രിമാർക്കും എം.എൽ.എമാർക്കും നൽകുന്ന രേഖകളും റിപ്പോർട്ടുകളും അച്ചടിച്ച് കവറിലാക്കി താമസസ്ഥലങ്ങളിൽ എത്തിക്കുന്ന പഴയ സംവിധാനം അടുത്ത സമ്മേളനങ്ങളോടെ അവസാനിപ്പിക്കാനാണ് തീരുമാനം. രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസങ്ങൾ സമ്മേളനം നടക്കുന്ന കേരള നിയമസഭയിൽ അച്ചടി ചെലവും ഉദ്യോഗസ്ഥരുടെ ജോലിഭാരവും ഇതിലൂടെ ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തൽ.
ചോദ്യോത്തരവേളയിൽ ആരുടെ ചോദ്യം എപ്പോൾ പരിഗണിക്കുമെന്ന് അംഗങ്ങൾക്ക് ഓൺലൈനായി മുൻകൂട്ടി അറിയാൻ സാധിക്കും. ഒരു ചോദ്യം അപ്ലോഡ് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട മുൻകാല ചോദ്യങ്ങളും മറുപടികളും സ്വമേധയാ ലഭ്യമാകും. വോട്ടെടുപ്പും പൂർണമായും ഡിജിറ്റൽ രീതിയിലാകും നടക്കുക.
എം.എൽ.എമാർ സമർപ്പിക്കുന്ന ചോദ്യങ്ങൾ ആരൊക്കെ കൈകാര്യം ചെയ്തു, ഏത് ഘട്ടത്തിലാണ് നടപടികൾ എന്നതടക്കമുള്ള വിവരങ്ങളും അംഗങ്ങൾക്ക് തത്സമയം ലഭ്യമാകും. പാർലമെന്ററി പാർട്ടി നേതാക്കൾക്കും സഭാനടപടികളുടെ അപ്ഡേറ്റുകൾ നേരിട്ട് ലഭ്യമാക്കും.
ഇപ്പോൾ അച്ചടിച്ചും വാട്സ്ആപ്പിലൂടെയും നൽകുന്ന സഭാ ഷെഡ്യൂൾ, ശ്രദ്ധക്ഷണിക്കൽ, സബ്മിഷൻ, ചർച്ചകളിലെ പ്രസംഗകരുടെ പട്ടിക തുടങ്ങിയവയും പൂർണമായും ഡിജിറ്റലിലേക്ക് മാറും. നയപ്രഖ്യാപനം, ബജറ്റ് പ്രസംഗം, വിവിധ റിപ്പോർട്ടുകൾ എന്നിവയും പരിമിതമായ അച്ചടിയിലേക്കാണ് ചുരുങ്ങുക.
പരമ്പരാഗത സഭാനടപടികളിൽ സാങ്കേതിക വിദ്യയുടെ സമഗ്രമായ ഇടപെടൽ ഉറപ്പാക്കുന്ന ഈ മാറ്റം കേരള നിയമസഭയുടെ പ്രവർത്തനരീതിയിൽ വലിയ പരിഷ്ക്കാരമായി മാറുമെന്നാണ് വിലയിരുത്തൽ.






