Breaking NewsIndiaLead NewsNEWS

മൂന്നാംതവണ ഇളയ ദളപതി ലോക്ഭവന്റെ പടി കട‌ന്നത് 118 ന് 120 എംഎൽഎമാരുടെ പിന്തുണയുമായി… തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ 11 മണിക്ക് സത്യപ്രതിജ്ഞ

ചെന്നൈ: നാലു ദിവസം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ തമിഴ്നാട് മുഖ്യമന്ത്രിയായി ടിവികെ നേതാവ് വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ 11 മണിക്ക് നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്യുക. തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മൂന്നാം തവണയിം വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ആദ്യ രണ്ട് കൂടിക്കാഴ്ചയിലും 118 എം എൽ എ മാരുടെ പിന്തുണ കത്ത് എവിടെ എന്ന് ചോദിച്ച ഗവർണർക്ക് മുന്നിൽ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ചാണ് വിജയ് മൂന്നാം വട്ടം ആ പടി ചവിട്ടിയത്. ഇതിന് ശേഷമാണ് ലോക്ഭവൻ സത്യപ്രതിജ്ഞയ്‌ക്കുള്ള അനുവാദം നൽകിയത്.

Signature-ad

108 എംഎൽഎമാരുള്ള ടിവികെയ്ക്ക് കോൺഗ്രസ് 5, സിപിഎം 2, സിപിഐ 2, മുസ്ലിം ലീഗ് 2, വിസികെ 1, എന്നീ എംഎൽഎമാരാണ് പിന്തുണ പ്രഖ്യാപിച്ചത്. ഇതിനിടെ ഗവർണർ ക്ഷണിക്കാനായി ടിവികെ സുപ്രീം കോടതിയെയും സമീപിച്ചിട്ടുമുണ്ട്. നാളെ 11 മണിക്ക് സത്യപ്രതിജ്ഞ നടത്താനുള്ള നീക്കത്തിലാണ് വിജയും ടിവികെയും. ഗവർണറെ കണ്ടിറങ്ങിയ വിജയ്, നന്ദി അറിയിക്കാനായി സിപിഎം, സിപിഐ, ലീഗ്, വിസികെ ഓഫീസുകളിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്.

അതേസമയം തെരഞ്ഞെടുപ്പ് ഫലം വന്നതുമുതൽ 4 നാൾ നീണ്ട അനിശ്ചിതത്വത്തിന് അവസാനം കുറിച്ചാണ് തമിഴ്നാട് വിജയ് ഭരിക്കുമെന്ന് ഉറപ്പായത്. ഉപാധികളില്ലാത്ത പിന്തുണയാണ് സിപിഎമ്മും സിപിഐയും പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ട ബിജെപി, ഗവർണറെ ഇറക്കി ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഇടത് പാർട്ടികൾ പിന്തുണ കത്ത് കൈമാറിയത്.

എന്നാൽ വിജയ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭയിൽ ചേരില്ലെന്ന നിലപാടിലാണ് സിപിഎമ്മും സിപിഐയും. അതേസമയം വിസികെ മന്ത്രിസഭയുടെ ഭാഗമാകും. വിസികെ നേതാവ് തിരുമാവളവൻ മന്ത്രിയാകുമെന്ന് ഉറപ്പായിട്ടുണ്ട്. ലീഗ് മന്ത്രിസഭയിൽ ചേരുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കോൺഗ്രസ് ചേർന്നാൽ ചേരുമെന്ന നിലപാടിലാണ് ലീഗുമെന്നാണ് റിപ്പോർട്ടുകൾ

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: