വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാൻ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്നത് പ്രൊഫഷണൽ പിആർ ടീം… ഒഴുക്കുന്നത് കോടികളെന്ന് ആരോപണം

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവ് വിഡി സതീശനെ അടുത്ത മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടുന്നതിനായി വൻതോതിൽ പിആർ പ്രവർത്തനങ്ങൾ നടക്കുന്നതായുള്ള ആരോപണങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമാകുന്നു. ഇതിനായി ഇതിനോടകം കോടിക്കണക്കിന് രൂപ ചെലവഴിച്ചെന്നാണ് പുറത്തുവരുന്ന വിവരം. സോഷ്യൽ മീഡിയ, ഓൺലൈൻ പോർട്ടലുകൾ, ചില ദൃശ്യ മാധ്യമങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇമേജ് ബിൽഡിംഗ് നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്.
ഇതിനാക്കം കൂട്ടാൻ സമീപകാലത്ത് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും യൂട്യൂബ് ചാനലുകളിലും “മുഖ്യമന്ത്രി സ്ഥാനത്തിന് ഏറ്റവും അനുയോജ്യൻ വി.ഡി. സതീശൻ” എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വ്യാപകമായിട്ടുണ്ട്. ഇതോടെയാണ് വിവാദങ്ങൾ ശക്തമായത്.
സോഷ്യൽ മീഡിയയിൽ ഏകോപിത രീതിയിൽ നടക്കുന്ന ഈ ക്യാംപെയിനുകൾക്ക് പിന്നിൽ പ്രൊഫഷണൽ പിആർ സംഘങ്ങളാണ് പ്രവർത്തിക്കുന്നതെന്ന സംശയം രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നു. അതേസമയം ചില മുഖ്യധാരാ മാധ്യമ പ്രവർത്തകരും ഈ പ്രചാരണങ്ങളുടെ ഭാഗമാകുന്നുവെന്ന വിമർശനവും ഉയരുന്നുണ്ട്.
നിരന്തരം ഒരേയൊരു നേതാവിനെ മാത്രം മുൻനിർത്തി വാർത്തകളും ചർച്ചകളും തയ്യാറാക്കുന്നത് മാധ്യമങ്ങളുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നതാണെന്ന ആക്ഷേപമാണ് കോൺഗ്രസിനകത്തെ ഒരു വിഭാഗം ഉയർത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനങ്ങളും ജനകീയ ഇടപെടലുകളും അവഗണിച്ച്, ഒരു നേതാവിനെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ഇമേജ് നിർമാണമാണ് നടക്കുന്നതെന്ന് പാർട്ടിക്കുള്ളിലെ തന്നെ ചില പ്രവർത്തകർ ആരോപിക്കുന്നു.
ഇപ്പോൾ നടക്കുന്ന മുഖ്യമന്ത്രി സ്ഥാനാർഥിക്കായുള്ള മുറവിളിയിൽ പ്രവർത്തകരുടെ വികാരമല്ല, പി.ആർ ഏജൻസികളുടെ താൽപര്യമാണ് കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിഫലിക്കുന്നത് എന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നു വരുന്നുണ്ട്.





